Sunday, December 22, 2024
LATEST NEWSSPORTS

ലങ്കൻ ദേശീയ ക്രിക്കറ്റ് ടീം ഡയറക്ടർ ടോം മൂഡി സ്ഥാനമൊഴിയുന്നു

കൊളംബോ: ഏഷ്യാ കപ്പിൽ സർപ്രൈസ് കിരീടം ഉയർത്തിയതിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൽ നിർണായക മാറ്റം. ശ്രീലങ്കൻ പരിശീലകൻ ടോം മൂഡി ദേശീയ ക്രിക്കറ്റ് ടീം ഡയറക്ടർ സ്ഥാനമൊഴിയുന്നു. വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മൂഡി ശ്രീലങ്കൻ ക്രിക്കറ്റ് ടീം ഡയറക്ടറായി ചുമതലയേറ്റത്. ഈ വർഷത്തെ ടി20 ലോകകപ്പും അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും ലക്ഷ്യമിട്ടായിരുന്നു മൂഡിയുടെ നിയമനം. എന്നാൽ ഇപ്പോൾ ശ്രീലങ്ക ഏഷ്യാ കപ്പ് നേടിയ സമയത്താണ് മൂഡി പുറത്താകുന്നത്. മൂഡി ഈ മാസം അവസാനം സ്ഥാനമൊഴിയുമെന്നാണ് റിപ്പോർട്ടുകൾ. മൂഡിയുമായുള്ള മൂന്ന് വർഷത്തെ കരാർ റദ്ദാക്കിയതായി ശ്രീലങ്കൻ ക്രിക്കറ്റ് അധികൃതർ അറിയിച്ചതായാണ് റിപ്പോർട്ട്.

മൂഡിക്ക് നൽകേണ്ട ഭീമമായ പ്രതിഫലം താങ്ങാൻ കഴിയാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് സൂചന. ഡയറക്ടർ സ്ഥാനത്തേക്ക് ശ്രീലങ്കയിൽ കൂടുതൽ സമയം ചെലവഴിക്കാൻ കഴിയുന്ന ഒരാളെയാണ് അധികൃതർ ആഗ്രഹിക്കുന്നതെന്നും സൂചനയുണ്ട്. യുഎഇ ടി20 ലീ​ഗ് ടീം ഡെസേർട്ട് വൈപ്പേഴ്സിൽ ഡയറക്‌ടർ സ്ഥാനത്തേക്കാണ് ഓസ്ട്രേലിയക്കാരനായ മൂഡിയുടെ അടുത്ത ദൗത്യമെന്നാണ് സൂചന.