Tuesday, December 17, 2024
LATEST NEWS

തരംഗമാകാൻ വെർട്ടസ് വിപണിയിൽ എത്തി; 11.21 ലക്ഷം മുതൽ വില

ഫോക്സ്‌വാഗന്റെ മിഡ് സൈസ് സെഡാൻ വെർട്ടസ് വിപണിയിലെത്തി.  അഞ്ച് വിഭാഗത്തിൽ ലഭ്യമാകുന്ന വാഹനത്തിന്റെ പ്രാരംഭ വില 11.21 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ജിടി പ്ലസ് ലൈനിൽ മാത്രം ലഭ്യമാകുന്ന 1.5 ലിറ്റർ വേരിയന്റിന്റെ വില 17.91 ലക്ഷം രൂപയാണ്. ബുക്കിംഗുകൾ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. ഇന്ത്യയുൾപ്പെടെ 26 രാജ്യങ്ങളിൽ വാഹനം വിൽപ്പനയ്ക്കെത്തും.

ചെറു സെ‍ഡാൻ വെന്റോയുടെ പകരക്കാരനായെത്തുന്ന വെർട്ടസ് സ്കോഡ സ്ലാവിയയുടെ ഫോക്സ്‌വാഗൻ പതിപ്പാണ്. എക്യൂബി എ പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന കാറിന് വെന്റോയെക്കാൾ വലുപ്പം കൂടുതലായിരിക്കും. ഇത് സ്ലാവിയയുടെ
ഫോക്സ്‌വാഗൻ പതിപ്പാണെങ്കിലും അകത്തും പുറത്തും ധാരാളം മാറ്റങ്ങളുണ്ട്. 

വായുസഞ്ചാരമുള്ള സീറ്റുകൾ, വയർലെസ് മൊബൈൽ ചാർജിംഗ്, സൺറൂഫ്, പുഷ് ബട്ടൺ സ്റ്റാർട്ട്, 10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എട്ട് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 സ്പീക്കർ ഓഡിയോ സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ. ഫോക്സ് വാഗൻറെ അഭിപ്രായത്തിൽ, പുതിയ വെർട്ടസിന് 40 ലധികം ആക്ടീവ് ആൻഡ് പാസീവ് സുരക്ഷാ സവിശേഷതകളുണ്ട്.