ഐഫോൺ സുരക്ഷാ ടിപ്സുമായി ടിക് ടോക് വീഡിയോ; ആപ്പിൾ ജീവനക്കാരിക്ക് പിരിച്ചുവിടൽ ഭീഷണി
യുഎസ്: ടിക് ടോക് വീഡിയോ പോസ്റ്റ് ചെയ്തതിന് ടെക് ഭീമനായ ആപ്പിൾ തൊഴിലാളിയെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. ഐഫോൺ സുരക്ഷാ ടിപ്സും മറ്റും പങ്കുവെച്ചുകൊണ്ടുള്ള ഹ്രസ്വ വീഡിയോ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തതാണ് കമ്പനിയെ പ്രകോപിപ്പിച്ചതെന്ന് എഞ്ചിനീയറായ പാരിസ് കാംബെൽ ആരോപിച്ചു. ‘ദി വെർജ്’ ആണ് സംഭവം റിപ്പോർട്ട് ചെയ്തത്.
ആപ്പിളിന്റെ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വീഡിയോയിൽ ആപ്പിൾ ജീവനക്കാരിയാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പ്രത്യക്ഷപ്പെട്ടതിലൂടെ കമ്പനിയുടെ പോളിസി ലംഘിച്ചു എന്നാണ് ജീവനക്കാരിക്ക് നൽകിയ വിശദീകരണം. ആറ് വർഷമായി ആപ്പിൾ റീട്ടെയിലിൽ ജോലി ചെയ്തുവരുന്ന പാരിസ് കാംബൽ നിലവിൽ റിപ്പയർ ടെക്‌നീഷ്യനായി സേവനമനുഷ്ഠിക്കുകയാണ്.
ഐഫോൺ നഷ്ടപ്പെട്ടതിന് ശേഷം ഭീഷണി സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങിയെന്ന് കാട്ടി ഒരു ഉപയോക്താവ് ടിക് ടോക്കിൽ എത്തിയതിന് പിന്നാലെയാണ് പാരിസ് കാംബെൽ സുരക്ഷാ ഉപദേശങ്ങളടങ്ങിയ മറുപടി വീഡിയോ പോസ്റ്റ് ചെയ്തത്.