Sunday, December 22, 2024
LATEST NEWSSPORTS

ലോകകപ്പിനുള്ള മെക്സിക്കൻ ടീമിൽ കൊറോണയില്ല!

എതിർ ഡിഫൻഡർമാരെ വരച്ച വരയിൽ നിർത്തുന്ന മെക്സിക്കൻ ടീമിന്‍റെ വിങ്ങർ ഹെസ്യൂസ് മാനുവൽ കൊറോണ ഖത്തർ ലോകകപ്പിനുള്ള മെക്സിക്കൻ ടീമിൽ ഉണ്ടാകില്ല. സ്പാനിഷ് ക്ലബ് സെവിയ്യയുടെ താരമായ കൊറോണയ്ക്ക് ക്ലബ്ബിനായി പരിശീലനം നടത്തുന്നതിനിടെ ഇടത് കാലിന് പരിക്കേറ്റിരുന്നു.

രണ്ടു വർഷം മുൻപ് സൗഹൃദ മത്സരത്തിൽ മെക്സിക്കോ കരുത്തരായ നെതർലൻഡ്സിനെ അവരുടെ തട്ടകത്തിൽ 1–0നു തോൽപിച്ചപ്പോൾ ആ അട്ടിമറിയുടെ സൂത്രധാരനായിരുന്നു മൈതാനത്തു പറന്നു കളിച്ച കൊറോണ. മത്സരശേഷം മെക്സിക്കൻ കോച്ച് ടാറ്റ മാർട്ടിനോ കൊറോണയെ “ഞങ്ങളുടെ നെടുംതൂൺ” എന്നാണ് വിശേഷിപ്പിച്ചത്. ആ തൂണാണ് ഇപ്പോൾ തകർന്നു വീണിരിക്കുന്നത്.

കഴിഞ്ഞ ലോകകപ്പിൽ ജർമനിയെ തകർത്ത് പുറത്തേക്കുള്ള വഴി കാണിച്ച മെക്സിക്കോ ഇത്തവണ അർജന്‍റീന, സൗദി അറേബ്യ, പോളണ്ട് ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിലാണ്. ലയണൽ മെസിയും റോബർട്ട് ലെവൻഡോവ്സ്കിയും കളിക്കുന്ന ഗ്രൂപ്പിൽ നിന്ന് രക്ഷപെടണമെങ്കിൽ കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്ന് മെക്സിക്കൻ പരിശീലകൻ മാർട്ടിനോയ്ക്ക് മറ്റാരെക്കാളും നന്നായി അറിയാം. അർജന്‍റീന ദേശീയ ടീമിന്‍റെ മുൻ പരിശീലകനും ലയണൽ മെസിയുടെ നാട്ടുകാരനുമാണ് മാർട്ടിനോ. എന്നാൽ ആ പത്രാസ് വീട്ടിൽ വച്ചിട്ടു വന്നാൽ മതി എന്നാണ് മെക്സിക്കൻ ആരാധകർ മാർട്ടിനോയോടു പറയുന്നത്.