Wednesday, January 8, 2025
LATEST NEWSSPORTS

ചെന്നൈ സൂപ്പർ കിങ്സും ജഡേജയും തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്ന് വിശദീകരണം

ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ ചെന്നൈ സൂപ്പർ കിംഗ്സും രവീന്ദ്ര ജഡേജയും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് വിശദീകരണം. ചെന്നൈയിലെ ഒരു ഉന്നതൻ ഇക്കാര്യം പറഞ്ഞുവെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ഐപിഎല്ലിലെ ചെന്നൈ ക്യാപ്റ്റനായിരുന്നു ജഡേജ. എന്നാൽ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് ജഡേജയിൽ നിന്ന് ധോണി നായകസ്ഥാനം തിരികെ ഏറ്റെടുത്തു. ഇതിന് പിന്നാലെ പരിക്ക് കാരണം ജഡേജ ഐപിഎല്ലിൽ കളിക്കില്ലെന്നും വ്യക്തമാക്കി. ഇതോടെ ചെന്നൈയും ജഡേജയും രണ്ട് തട്ടുകളിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ചെന്നൈയുമായി ബന്ധപ്പെട്ട തന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ താരം നീക്കം ചെയ്തത്. ഇതോടെ ജഡേജ ചെന്നൈ വിടുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ചെന്നൈ ഇതെല്ലാം നിഷേധിക്കുന്നു.

ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള ജഡേജയുടെ വ്യക്തമായ തീരുമാനമായിരുന്നു അത്. അതിന് ചെന്നൈ ടീമുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയില്ല, എല്ലാം നന്നായി തന്നെയാണ് പോകുന്നതെന്ന് ചെന്നൈ ഉന്നതൻ പറഞ്ഞു.