ഭക്തിഗാനങ്ങൾ രചിക്കാൻ ഒന്നര വർഷത്തോളം തീർഥാടനത്തിനുപോയ എഴുത്തുകാരൻ
കോട്ടയ്ക്കൽ: മലപ്പുറത്ത്, ഭക്തിഗാനങ്ങൾ രചിക്കാൻ ഒന്നര വർഷത്തോളം സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ തീർത്ഥാടനം നടത്തിയ ഒരു എഴുത്തുകാരനുണ്ട്, അങ്ങാടിപ്പുറത്തെ പി.സി.അരവിന്ദൻ. പ്രതീക്ഷയും സങ്കടവും കലർന്ന നീണ്ട കാത്തിരിപ്പിനൊടുവിലാണ് യേശുദാസ് പാടിയ അരവിന്ദന്‍റെ മുഖച്ഛായ തന്നെ മാറ്റിയ “ഗംഗാതീർത്ഥം” എന്ന ആൽബം പിറന്നത്. വടക്കുംനാഥാ സർവം നടത്തും നാഥാ, പ്രഭാതമായ് തൃക്കണിയേകിയാലും, തിരുനക്കരത്തേവരേ, തൃപ്രങ്ങോട്ടപ്പാ, ഋഷിനാഗകുളത്തപ്പാ ശരണം, ദക്ഷിണ കാശിയാം കൊട്ടിയൂർ തുടങ്ങി അതിലെ 10 ഗാനങ്ങൾ 30 വർഷം കഴിഞ്ഞിട്ടും ചൈതന്യവും യൗവനവും കൈവിടാതെ ഭക്തരുടെ നാവിൻ തുമ്പിൽ കളിയാടുന്നു.
അധ്യാപകനാകാൻ ആഗ്രഹിച്ച കുട്ടിക്കാലമായിരുന്നു അരവിന്ദന്റേത്. അണിയേണ്ടി വന്നത് ഏവറി ഇന്ത്യ ലിമിറ്റഡിലെ സർവീസ് എൻജിനീയറുടെ കുപ്പായം. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഭജനകൾ ആലപിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. 1986-ൽ മങ്കട ദാമോദരന്‍റെ സംഗീതസംവിധാനത്തിൽ “പ്രസാദം” എന്ന ആദ്യ ആൽബം പുറത്തിറങ്ങി. പി.ലീല, കൃഷ്ണചന്ദ്രൻ, കല്യാണി മേനോൻ, മണ്ണൂർ രാജകുമാരനുണ്ണി എന്നിവരായിരുന്നു ഗായകർ. പിന്നീട് ബി.എ. ചിദംബരനാഥ് ചിട്ടപ്പെടുത്തിയ “പൊന്നോണം” എന്ന ആൽബത്തിന് വേണ്ടിയായിരുന്നു അദ്ദേഹം എഴുതിയത്. കോഴിക്കോട്ടെ ആകാശവാണിക്ക് വേണ്ടി ലളിത ഗാനങ്ങളും അദ്ദേഹം രചിച്ചു.
ഭക്തിഗാനങ്ങൾക്ക് നല്ല മാർക്കറ്റുള്ള കാലം. ശിവഭക്തി ഗാനങ്ങൾ കുറവാണെന്ന അറിവിൽനിന്നാണ് ശിവക്ഷേത്രങ്ങൾ സന്ദർശിച്ച് പാട്ടുകൾ എഴുതാമെന്ന ചിന്തയുണ്ടായത്. 13 ക്ഷേത്രങ്ങളിൽ ദീർഘകാലം താമസിച്ച അദ്ദേഹം അത്രയും എണ്ണം പാട്ടുകൾ എഴുതി.