Sunday, December 22, 2024
LATEST NEWSSPORTS

2022-23 ആഭ്യന്തര സീസണിനുള്ള വേദികൾ തീരുമാനിച്ചു

2022-23 ആഭ്യന്തര ക്രിക്കറ്റ് സീസണിലേക്കുള്ള മത്സരങ്ങളുടെ വേദികൾ തീരുമാനിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി, രഞ്ജി ട്രോഫി തുടങ്ങിയ എല്ലാ പുരുഷ, വനിതാ ടൂർണമെന്‍റുകളും സീസണിലുണ്ടാകും. വനിതകളുടെ അണ്ടർ 15 മത്സരങ്ങളും ഈ സീസൺ മുതൽ നടക്കും.

ഒക്ടോബർ 11 മുതൽ നവംബർ 5 വരെയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി നടക്കുക. നവംബർ 12 മുതൽ ഡിസംബർ 2 വരെയാണ് വിജയ് ഹസാരെ ട്രോഫി. ലഖ്നൗ, ഇൻഡോർ, രാജ്കോട്ട്, പഞ്ചാബ്, ജയ്പൂർ എന്നിവിടങ്ങളിലാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി നടക്കുക. മുംബൈ, ബെംഗളൂരു, ഡൽഹി, കൊൽക്കത്ത, റാഞ്ചി എന്നിവിടങ്ങളിലാണ് വിജയ് ഹസാരെ ലീഗ് മത്സരങ്ങൾ നടക്കുക. സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി ടൂർണമെന്‍റുകളുടെ നോക്കൗട്ട് മത്സരങ്ങൾ യഥാക്രമം കൊൽക്കത്തയിലും അഹമ്മദാബാദിലും നടക്കും.

2020 ന് ശേഷം ഇതാദ്യമായാണ് ബിസിസിഐ എല്ലാ ടൂർണമെന്‍റുകളും ഉൾപ്പെടുത്തി ഒരു ആഭ്യന്തര സീസൺ നടത്തുന്നത്. ഓരോ ഇറാനി കപ്പും സീസണിന്‍റെ തുടക്കത്തിലും അവസാനത്തിലും നടക്കും. 2020 ലെ രഞ്ജി ചാമ്പ്യൻമാരായ സൗരാഷ്ട്ര ഒക്ടോബർ 1 മുതൽ 5 വരെ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ നേരിടും. നിലവിലെ ചാംപ്യൻമാരായ മധ്യപ്രദേശ് അടുത്ത വർഷം മാർച്ച് 1,5 തീയതികളിൽ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ നേരിടും.