Sunday, December 22, 2024
LATEST NEWSPOSITIVE STORIES

മരണത്തിൽ നിന്ന് രക്ഷിച്ച ഹീറോയെ കാണാൻ ആ രണ്ടു വയസുകാരി എത്തി

ഓരോ സംഭവവും അപ്രതീക്ഷിതമായാണ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ചില ആളുകൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരികയും രക്ഷകരായിത്തീരുകയും ചെയ്യുന്നത് അപ്രതീക്ഷിതമാണ്. ഒരു വലിയ അപകടത്തിൽ നിന്ന് സമയോചിതമായ ഇടപെടലിലൂടെ നിരവധി ആളുകൾക്ക് അപരിചിതരിൽ നിന്ന് അവരുടെ ജീവിതം തിരികെ ലഭിച്ചിട്ടുണ്ട്. കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ നിന്ന് വീണ ഷിൻഷിൻ എന്ന രണ്ട് വയസുകാരിയുടെ ജീവൻ രക്ഷിച്ച യുവാവ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ടോങ്ക്സിയാങ്ങിലാണ് ഭീകരവും ഞെട്ടിക്കുന്നതുമായ സംഭവം നടന്നത്. ഷെൻ ഡോങ് എന്നയാൾ തന്‍റെ കാർ റോഡരികിൽ പാർക്ക് ചെയ്യുന്നതിനിടെ അഞ്ചാം നിലയിലെ ജനലിൽ നിന്ന് രണ്ട് വയസ്സുള്ള പിഞ്ചുകുഞ്ഞ് വീഴുന്നത് കണ്ടു. കുഞ്ഞിനെ രക്ഷിച്ചെങ്കിലും വീഴ്ചയും അതിന്റെ ഫലമായി ഷീറ്റിൽ പതിച്ചതും കാരണം കുട്ടിക്ക് കാലിനും ശ്വാസകോശത്തിനും പരുക്കുകൾ സംഭവിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.

അപകടത്തിൽ നിന്ന് വീട്ടിലെത്തിയ കുട്ടി തന്‍റെ പ്രിയപ്പെട്ട രക്ഷകനെ കാണാൻ എത്തിയിരിക്കുന്നു. ഷിൻഷിനും കുടുംബാംഗങ്ങളും രക്ഷകനായ ഷെൻഡോങ്ങിനരികിൽ പോയതിന്റെയും പൂച്ചെണ്ട് കൈമാറുന്നതിൻ്റെയും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പെൺകുഞ്ഞിന്‍റെ ജീവൻ രക്ഷിച്ച ഷെൻ ഡോങ് എന്ന ചെറുപ്പക്കാരനെ ചൈനീസ് സോഷ്യൽ മീഡിയ “ദേശീയ നായകൻ” എന്നാണ് വിശേഷിപ്പിച്ചത്.