പത്താം ക്ലാസിൽ മാർക്ക് കുറഞ്ഞതിൽ വിഷമമുണ്ടോ? ശരിക്കുള്ള പഠനം ഇനിയെന്ന് ഷെഫ് സുരേഷ് പിള്ള
പത്താം ക്ലാസിൽ മാർക്ക് കുറഞ്ഞവർക്ക് പ്രചോദനമായി ഷെഫ് സുരേഷ് പിള്ളയുടെ എഫ്ബി പോസ്റ്റ്. മുപ്പത് വർഷം മുൻപത്തെ തന്റെ എസ്എസ്എൽസി പരീക്ഷയുടെ റിസൾട്ട് പോസ്റ്റ്ചെയ്തുകൊണ്ടാണ് ലോകപ്രശസ്ത പാചക വിദഗ്ധനായ അദ്ദേഹം കുട്ടികൾക്ക് പ്രചോദനവുമായെത്തിയത്. 227 മാർക്ക് മാത്രമാണ് അന്നത്തെ പരീക്ഷയിൽ അദ്ദേഹം നേടിയത്. ഒട്ടുമിക്ക വിഷയങ്ങൾക്കും പാസ് മാർക്കും. പത്തിലെ വിജയമല്ല ജീവിതത്തിലെ വിജയം നിശ്ചയിക്കുന്നതെന്ന് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുകയാണ് ആദ്ദേഹം. ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ ഹോട്ടൽശൃംഖല തന്നെയുള്ള പാചകവിദഗ്ധനാണ് ഷെഫ് സുരേഷ് പിള്ള. പത്താം ക്ലാസിൽ മാർക്ക് കുറഞ്ഞതിൽ വിഷമം ഉണ്ടോ..? ഒട്ടും വേണ്ട…! കൂടി പോയാൽ ഇഷ്ടപെട്ട വിഷയമോ, നല്ല കോളേജോ കിട്ടില്ലായിരിക്കും. ഇനിയാണ് ശെരിക്കുമുള്ള പഠനം.. അത് നന്നായി നോക്കിയാൽ മതി’ അദ്ദേഹം പറയുന്നു.
കൊല്ലം ചവറ സ്വദേശിയായ സുരേഷ് പിള്ള വീട്ടിലെ സാമ്പത്തിക ബാധ്യത മൂലം പഠനം പാതിവഴിയിൽ നിർത്തി സെക്യൂരിറ്റി ജീവനക്കാരനായാണ് തൻ്റെ ജീവിതം ആരംഭിക്കുന്നത്. അതിന് ശേഷമാണ് അദ്ദേഹം ഏവരെയും വിസമയിപ്പിക്കുന്ന രുചിരാജാവായി മാറിയത്.