Friday, November 22, 2024
LATEST NEWSPOSITIVE STORIES

താലിബാനും തളർത്താനായില്ല ; സൈക്ലിങ്ങ് സ്വപ്‌നങ്ങളുമായി സഹോദരിമാര്‍

താലിബാൻ അഫ്ഗാനിസ്ഥാന്‍റെ നിയന്ത്രണം ഏറ്റെടുത്തതോടെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം കരിനിഴലിലായി. വിദ്യാഭ്യാസവും ജോലി ചെയ്യാനുള്ള അവകാശവുമെല്ലാം നിഷേധിക്കപ്പെടുകയാണ്. താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം സൈക്ലിങ്ങ് എന്ന സ്വപ്നം പിന്തുടരാൻ അഞ്ച് സ്ത്രീകളാണ് രാജ്യം വിട്ടത്. ഇവരിൽ അഫ്ഗാനിസ്ഥാന്റെ ദേശീയ സൈക്ലിംഗ് ടീമിലെ അംഗങ്ങളായ സഹോദരിമാരായ ഫാരിബ ഹാഷ്മിയും യുൽദുസ് ഹാഷ്മിയും ഇപ്പോൾ ഒളിമ്പിക് സ്വപ്നങ്ങളുമായി ഇറ്റലിയിലാണ്.

താലിബാൻ അധികാരത്തിൽ വന്നപ്പോൾ സ്ത്രീകൾക്ക് കായിക വിനോദങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തി. മുൻ ലോക സൈക്ലിംഗ് ചാമ്പ്യൻ അലസ്സാൻഡ്ര കപ്പെല്ലോട്ടോ ഇന്ന് അവർക്ക് പൂർണ്ണ സഹായവുമായി ഇറ്റലിയിലുണ്ട്.

ആദ്യമായി സൈക്കിൾ ഓടിച്ചത് വല്ലാത്ത ഒരു അനുഭവമായിരുന്നു. എനിക്ക് പറക്കാൻ കഴിയുമെന്ന് തോന്നി. താലിബാൻ അധികാരത്തിൽ വന്നതോടെ, ആഗ്രഹങ്ങൾക്കെല്ലാം അവസാനമായത് പോലെ തോന്നി. സൈക്ലിങ്ങിൽ ഏർപ്പെടുന്ന സ്ത്രീകളെ ഞങ്ങളുടെ കൂട്ടർ അംഗീകരിക്കില്ല. എല്ലാ ഭാഗത്തുനിന്നും എതിർപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, കാറ് ഇടിച്ച് കൊല്ലാൻ ശ്രമിച്ചു. ചിലർ കല്ലെറിയുകയും ആട്ടിയോടിക്കുകയും ചെയ്തു, പക്ഷേ വിട്ടുകൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. ഞങ്ങൾ ഒളിച്ചിരുന്ന് പരിശീലനം ആരംഭിച്ചു, ഫരീബ പറഞ്ഞു.

സൈക്ലിങ്ങ് ചെയ്യുന്നതിന്റെ പേരില്‍ തന്റെ പെണ്‍സുഹൃത്തുകള്‍ തന്നെ അപമാനിച്ചിട്ടുണ്ട് എന്നാണ് സഹോദരി യുല്‍ദുസ് പറഞ്ഞത്. നാട്ടിലുളള മാതാപിതാക്കളുടേയും, സഹോദരങ്ങളുടേയും കാര്യം ഓർക്കുമ്പോൾ ഇരുവർക്കും വിഷമമുണ്ട്. എന്നാൽ ഒളിമ്പിക്‌സ് സ്വപ്‌നം മാത്രമാണ് ഇപ്പോൾ മുന്നിലുള്ളത്. മത്സരിക്കണം, ചാമ്പ്യനാവണം. അഫ്ഗാന്‍ വനിതയ്ക്ക് എന്ത് നേടാനാവുമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കണം, ഫാരിബ പറഞ്ഞു.