ഇന്ത്യ–ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 ഇന്ന് രാത്രി 7 മണിക്ക്
ന്യൂഡൽഹി: 200 ലധികം റൺസ് നേടിയിട്ടും
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് നിരാശപ്പെടേണ്ടി വന്നു. പക്ഷേ, ഇനിയും പ്രതീക്ഷിക്കാനുണ്ട്. ഒരു ടി20 മത്സരത്തിൽ എങ്ങനെ ബാറ്റ് ചെയ്യാം എന്നത് ഇന്ത്യ ശരിക്കും പ്രായോഗികമാക്കിയ മത്സരമായിരുന്നു അത്. ഈ പരമ്പരയിലൂടെ എങ്ങനെ പന്തെറിയാമെന്ന് പഠിച്ചാൽ ടി20 ഫോർമാറ്റ് പൂർണമായും ഡീകോഡ് ചെയ്തതിന്റെ ആത്മവിശ്വാസത്തോടെ ഇന്ത്യക്ക് ലോകകപ്പിലേക്ക് കടക്കാം. ഇന്ന് കട്ടക്കിൽ നടക്കുന്ന രണ്ടാം മത്സരത്തിലേക്ക് കടക്കുമ്പോൾ ഇത് ഇന്ത്യയുടെ മനസ്സിലുണ്ടാകും. രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാർ സ്പോർട്സ് ചാനലുകളിൽ ഇത് തത്സമയം കാണാൻ കഴിയും.
ഏകദിനം പോലെ ടി20 മത്സരങ്ങൾ കളിക്കുന്ന ടീമാണ് ഇന്ത്യയെന്നാണ് പരക്കെയുള്ള ആക്ഷേപം. അതായത്, തുടക്കത്തിൽ നിലയുറപ്പിച്ച് സാവധാനം തകർത്തടിക്കുന്ന ശൈലി. എന്നാൽ 20 ഓവറിൽ 200 റൺസ് പോലും സുരക്ഷിതമല്ലാത്ത ടി20 കളിൽ, ഇത് ഒരിക്കലും ശരിയായ രീതിയല്ല. 20 ഓവറിലല്ല, 120 പന്തുകളിലാണ് ടി20യെ കാണേണ്ടതെന്ന് ആദ്യം പഠിച്ച ടീമുകളാണ് വെസ്റ്റ് ഇൻഡീസും ഇംഗ്ലണ്ടും. ഇന്ത്യയും അതേ പാതയിലാണെന്ന് ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്. ആദ്യ ടി20യിൽ ഇന്ത്യൻ ഇന്നിങ്സിൽ ബാറ്റ് ചെയ്ത ഒരാൾ പോലും വെറുതെ പന്തുകൾ കളഞ്ഞില്ല എന്നതാണ് സത്യം. ശ്രേയസ് അയ്യരും രണ്ട് പന്ത് മാത്രം നേരിട്ട ദിനേശ് കാർത്തികും ഒഴികെ ബാക്കിയെല്ലാവർക്കും 150ന് മുകളിൽ സ്ട്രൈക്ക് റേറ്റുണ്ട്. 258.33 സ്ട്രൈക്ക് റേറ്റോടെ ഹാർദിക് പാണ്ഡ്യയാണ് പട്ടികയിൽ ഒന്നാമത്.