Thursday, January 23, 2025
LATEST NEWS

ഉയരാനാവാതെ രൂപ ; ഡോളറിനെതിരെ രൂപയുടെ മൂല്യം 79.83 ലേക്ക് കൂപ്പുകുത്തി

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. യുഎസ് പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 79.83 എന്ന പുതിയ റെക്കോർഡിലേക്ക് കൂപ്പുകുത്തി. രൂപയുടെ മൂല്യം 80-ലേക്ക് അതിവേഗം ഉയരുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.

യുഎസിൽ ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 9.1 ശതമാനമായി ഉയർന്നു. പണപ്പെരുപ്പം 8.8 ശതമാനമായി കുറയുമെന്നായിരുന്നു കണക്കുകൂട്ടൽ. ഉയർന്ന പണപ്പെരുപ്പത്തിന്‍റെ പശ്ചാത്തലത്തിൽ യുഎസ് സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് വീണ്ടും ഉയർത്താൻ സാധ്യതയുണ്ട്. ഇത് രൂപയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുമെന്ന് നേരത്തെ തന്നെ പ്രവചനങ്ങളുണ്ടായിരുന്നു. യുഎസ് സെൻട്രൽ ബാങ്ക് പലിശ നിരക്ക് 100 ബേസിസ് പോയിന്‍റ് വരെ ഉയർത്തുമെന്നാണ് പ്രവചനം.

ഇതോടൊപ്പം, വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് പണം പിൻ വലിക്കുന്നതും, സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതയും രൂപയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നു. ഇന്ത്യൻ ഓഹരി വിപണിയിലെ വിദേശ നിക്ഷേപകർ ബുധനാഴ്ചയും വിൽപ്പനക്കാരുടെ റോളിൽ തുടർന്നു. കഴിഞ്ഞ ദിവസം 2,839.5 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.