Friday, January 17, 2025
LATEST NEWSTECHNOLOGY

ആര്‍ട്ടെമിസ് 1 ദൗത്യത്തിനായുള്ള റോക്കറ്റും പേടകവും ലോഞ്ച്പാഡിലെത്തി

ഫ്‌ളോറിഡ: ആർട്ടെമിസ് 1 ദൗത്യത്തിനായുള്ള റോക്കറ്റും ബഹിരാകാശ പേടകവും നാസയുടെ കെന്നഡി ബഹിരാകാശ നിലയത്തിലെ ലോഞ്ച് കോംപ്ലക്സ് 39 ബിയിലെത്തിച്ചു. അമേരിക്കൻ സമയം രാത്രി 10 മണിയോടെ (ഇന്ത്യൻ സമയം ഓഗസ്റ്റ് 17 ന് രാവിലെ 7.30) ക്രോളര്‍ ട്രാൻസ്പോർട്ടറിൽ ഓറിയോൺ ബഹിരാകാശ പേടകവും സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) റോക്കറ്റും ലോഞ്ച് പാഡില്‍ എത്തിക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു.
ഓഗസ്റ്റ് 29 ന് മുമ്പ് എസ്എൽഎസ് റോക്കറ്റും ഓറിയോൺ ബഹിരാകാശ പേടകവും വിക്ഷേപിക്കാനാണ് പദ്ധതി. അഞ്ച് സ്റ്റേജ് ബൂസ്റ്ററുകളും നാല് ആർഎസ് -5 എഞ്ചിനുകളും ആണ് എസ്എൽഎസ് റോക്കറ്റിൽ സജ്ജീകരിച്ചിട്ടുള്ളത്. ബൂസ്റ്ററുകൾ, സർവീസ് മൊഡ്യൂൾ പാനലുകൾ,ലോഞ്ച് അബോര്‍ട്ട് സിസ്റ്റങ്ങള്‍ എന്നിവ ഒഴിവാക്കി, കോർ സ്റ്റേജ് എഞ്ചിനുകൾ ഷട്ട് ഡൗണ്‍ ചെയ്ത ശേഷം കോര്‍ സ്റ്റേജ് പേടകത്തില്‍ നിന്ന് വേര്‍പെടും.
തുടർന്ന് ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥത്തിന് ചുറ്റും സൗരോർജ്ജ പാനലുകൾ വിന്യസിക്കും. അതിനുശേഷം, ഓറിയോണിനെ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് പുറത്തേക്ക് തള്ളുകയും ചന്ദ്രനിലേക്ക് ലക്ഷ്യമാക്കി നീങ്ങുകയും ചെയ്യും.ഇതിനായി ഇന്ററിം ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സ്റ്റേജ് (ഐസിപിഎസ്) ഉപയോഗിക്കും.