മെഡിക്കല്‍ കോളേജിലെ പരിശോധനാ ഫലങ്ങള്‍ ഇനി മൊബൈല്‍ ഫോണിലും
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലാബ് പരിശോധനാഫലം ഉടൻ മൊബൈൽ ഫോണിൽ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പദ്ധതിയുടെ ആദ്യഘട്ടമാണ് ഇവിടെ നടപ്പിലാക്കുന്നത്. മെഡിക്കൽ കോളേജിൽ നടപ്പാക്കുന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് ഇനിഷ്യേറ്റീവിന്‍റെ ഭാഗമായാണ് നടപടി. ഈ പദ്ധതിയുടെ ഭാഗമായി ലാബ് സാമ്പിൾ ശേഖരണ കേന്ദ്രവും ആശുപത്രിയിലെ പരിശോധനാ ഫല കേന്ദ്രവും ഏകീകരിച്ചിട്ടുണ്ട്. അതിനാൽ, ആശുപത്രിയുടെ വിവിധ ബ്ലോക്കുകളിലെ രോഗികൾക്ക് അതത് ബ്ലോക്കുകളിൽ അവരുടെ പരിശോധനാ ഫലങ്ങൾ ലഭിക്കും. ഇതിന് പുറമെയാണ് പരിശോധനാ ഫലങ്ങൾ മൊബൈൽ ഫോണുകളിൽ ലഭ്യമാക്കുന്നത്. ഫോൺ നമ്പർ വെരിഫിക്കേഷൻ കഴിഞ്ഞ രോഗികൾക്ക് ഈ സേവനം ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.
ഒ.പി രജിസ്ട്രേഷൻ സമയത്തോ ലാബിൽ ബില്ലിംഗ് സമയത്തോ മൊബൈൽ നമ്പർ വെരിഫിക്കേഷൻ നടത്താം. ടെസ്റ്റ് സന്ദേശമായി മൊബൈലിൽ ഒരു ലിങ്ക് വരും. ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ, പരിശോധനാ ഫലം ലഭിക്കും. ഈ ലിങ്ക് 90 ദിവസത്തേക്ക് സജീവമായിരിക്കും. ഇതുകൂടാതെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എച്ച്ഡിഎസ്, ആർജിസിബി, എസിആർ എന്നീ ലാബുകളിലെ പരിശോധന ഫലങ്ങള്‍ ആശുപത്രിക്കുള്ളിലെ ഏകീകൃത റിസൾട്ട് കൗണ്ടറിൽ നിന്ന് 24 മണിക്കൂറും ലഭ്യമാണ്. വരും ദിവസങ്ങളിൽ ആശുപത്രിയിലെ കിടത്തി ചികിത്സാ വിഭാഗത്തിന്‍റെയും പരിശോധനാഫലം അതത് വാർഡുകളിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ആരോഗ്യവകുപ്പിന്‍റെ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായാണ് മെഡിക്കൽ കോളേജിൽ ഈ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഇ-ഹെൽത്തിന്‍റെ ഭാഗമായി മെഡിക്കൽ കോളേജിൽ ക്യൂ നിൽക്കാതെ ഒ.പി ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടാലുടൻ തുടർചികിത്സയ്ക്കുള്ള തീയതിയും ടോക്കണും ഈ സിസ്റ്റം ഉപയോഗിച്ച് നേരത്തെ എടുക്കാൻ കഴിയും.