Thursday, January 23, 2025
LATEST NEWS

പഴയ പത്രത്തിന് ‘പൊന്നും വില’; കടലാസ് കയറ്റുമതി സര്‍വകാല റെക്കോഡില്‍

കൊച്ചി: പഴയ പത്രത്തിന്‍റെ ഇപ്പോഴത്തെ വില കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും. കിലോയ്ക്ക് 25 മുതൽ 30 രൂപ വരെ. ഇടയ്ക്ക് 32-33 രൂപ വരെ വർധിക്കുകയും ചെയ്തു. കൊവിഡിന് മുമ്പ് കിലോഗ്രാമിന് 10-13 രൂപയായിരുന്ന പഴയ പത്രത്തിന്‍റെ വില ഇപ്പോൾ കുതിച്ചുയരുകയാണ്. ആഗോളതലത്തിൽ കടലാസുകളുടെ കടുത്ത ക്ഷാമമാണ് പഴയ പത്രങ്ങളെ ‘സ്വർണ്ണ വില’യിലേക്ക് എത്തിച്ചത്.

കടലാസ് ക്ഷാമം ഉൾപ്പെടെ നിരവധി ഘടകങ്ങൾ കാരണം പഴയ പത്രം, പേപ്പർ, കാർട്ടൺ ബോക്സുകൾ എന്നിവയുടെ വില വർദ്ധിച്ചു. ആഗോളതലത്തിൽ ഇ-കൊമേഴ്സ് ബിസിനസിലെ കുതിച്ചുചാട്ടത്തോടെ, ഭക്ഷണം, ഗാഡ്ജറ്റുകൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ വീടുകളിൽ എത്തിക്കുന്ന കാർട്ടൺ ബോക്സുകൾക്ക് വലിയ ഡിമാൻഡ് ഉണ്ട്. പ്ലാസ്റ്റിക് നിരോധനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളും കടലാസിനെ ചെലവേറിയതാക്കി മാറ്റിയിട്ടുണ്ട്. റഷ്യ-ഉക്രൈൻ യുദ്ധവും പേപ്പർ നിർമ്മാണത്തെയും ബാധിച്ചു.

ഇതിനുപുറമെ, ചൈനയുടെ കടലാസ്, പള്‍പ്പ് ഇറക്കുമതി വന്‍തോതില്‍ ഉയര്‍ന്നതും കാരണങ്ങളിലൊന്നാണ്. പാഴ്കടലാസ് ഇറക്കുമതി പൂര്‍ണമായി നിരോധിച്ച ചൈന വന്‍തോതിലാണ് ക്രാഫ്റ്റ് പേപ്പര്‍ അഥവാ കാര്‍ട്ടണ്‍ബോക്‌സ് നിര്‍മിക്കുന്നുതിനുള്ള പേപ്പര്‍ ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ കടലാസ് കയറ്റുമതിയും വന്‍തോതില്‍ ഉയര്‍ന്നു.