Saturday, January 18, 2025
LATEST NEWS

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കക്കിടയിലും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ പൊരുതി; ആ​ർബിഐ

ന്യൂഡൽഹി: ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ അതിജീവിച്ചതായി റിസർവ് ബാങ്ക് അറിയിച്ചു. സാമ്പത്തിക മാന്ദ്യത്തിന്‍റെ ആശങ്കകൾക്കിടയിലും സമ്പദ്‍വ്യവസ്ഥ ശക്തമായ പ്രതിരോധം ഏർപ്പെടുത്തിയതായി റിസർവ് ബാങ്ക് പറഞ്ഞു. മൺസൂണിന്‍റെ തിരിച്ചുവരവ്, നിർമ്മാണ മേഖലയുടെ പുനരുജ്ജീവനം, പണപ്പെരുപ്പ ആശങ്കകളിലെ ഇടിവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് റിസർവ് ബാങ്കിന്‍റെ നിഗമനം. വരും ദിവസങ്ങളിൽ സമ്പദ്‍വ്യവസ്ഥ സുസ്ഥിരമായ വളർച്ച കൈവരിക്കുമെന്ന് ബാങ്ക് പറഞ്ഞു.

മതിയായ അന്താരാഷ്ട്ര കരുതൽ ശേഖരം, ഭക്ഷ്യധാന്യ സ്റ്റോക്കുകൾ, മികച്ച മൂലധന സംവിധാനങ്ങൾ എന്നിവയെല്ലാം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

ഉക്രൈൻ യുദ്ധം അതിന്‍റെ ആറാം മാസത്തിലേക്ക് കടന്നിരിക്കുന്നു, പല സ്ഥലങ്ങളിലും കോവിഡ് -19 വീണ്ടും ഉയർന്നുവന്നത് ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിന് കാരണമായി. ഇതിനിടെയാണ് റിസർവ് ബാങ്കിന്‍റെ പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ, യുഎസിലെ പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 9.1 ശതമാനത്തിൽ എത്തിയിരുന്നു.