Saturday, December 21, 2024
LATEST NEWSTECHNOLOGY

ഹിറ്റ് മേക്കറുടെ യാത്ര ഇനി ടൊയോട്ട വെല്‍ഫയറിൽ; പുതിയ വാഹനം സ്വന്തമാക്കി ജോഷി

മലയാള സിനിമയിലെ ഹിറ്റ് മേക്കറാണ് ജോഷി. സുരേഷ് ഗോപി നായകനായ പാപ്പൻ എന്ന ചിത്രത്തിന്‍റെ വൻ വിജയത്തോടെ അദ്ദേഹം പഴയ പ്രതാപം വീണ്ടെടുത്തിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ജോഷി. ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ടയുടെ ആഡംബര എംപിവി മോഡലായ വെൽഫയർ ആണ് സംവിധായകൻ സ്വന്തമാക്കിയത്. ഏകദേശം ഒരു കോടി രൂപയാണ് വാഹനത്തിന്‍റെ വില.

കേരളത്തിലെ പ്രമുഖ കാർ ഡീലർഷിപ്പായ ഹർമൻ മോട്ടോഴ്സിൽ നിന്നാണ് ജോഷി വെൽഫയർ എംപിവി വാങ്ങിയത്. ആലുവയിലെ ഹർമൻ മോട്ടോഴ്സിന്‍റെ ഡീലർഷിപ്പിൽ കുടുംബസമേതം എത്തിയാണ് സംവിധായകൻ പുതിയ വാഹനം സ്വീകരിച്ചത്. അദ്ദേഹം വെല്‍ഫയര്‍ സ്വന്തമാക്കിയ വിവരം ഹര്‍മന്‍ മോട്ടോഴ്‌സ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

ടൊയോട്ടയുടെ വെൽഫയർ എംപിവി 2020 ഫെബ്രുവരിയിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇതിന് 90.80 ലക്ഷം രൂപയാണ് എക്സ്ഷോറൂം (ഇന്ത്യ) വില.  പ്രീമിയം വാഹനങ്ങളുടെ മുഖമുദ്രയായ ആഡംബരം തന്നെയാണ് വെൽഫയറിലും ഒരുക്കിയിട്ടുള്ളത്. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ ഫോർ സിലണ്ടർ ഗ്യാസോലൈൻ ഹൈബ്രിഡ് എന്‍ജിനാണ് കരുത്തേകുന്നത്. പെട്രോൾ എഞ്ചിൻ കൂടാതെ, മുൻ, പിൻ ആക്സിലുകളിൽ 105 കെവി, 50 കെവി വീതമുള്ള ഇലക്ട്രിക് മോട്ടോറും ഉണ്ട്. എക്സ്റ്റേണൽ ചാർജിംഗ് ഇല്ലാതെ സീറോ എമിഷൻ ഇലക്ട്രിക് മോഡിൽ 40 ശതമാനം ദൂരവും 60 ശതമാനം സമയവും സഞ്ചരിക്കാൻ സാധിക്കും. ലിറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്‍റെ ഇന്ധനക്ഷമത.