ചൂട് കൂടുതൽ; ദോഹയിൽ ഫുഡ് ഡെലിവറി സേവനങ്ങൾ പാടില്ലെന്ന് അധികൃതർ
ദോഹ: രാജ്യത്തെ അതിശക്തമായ താപനില കണക്കിലെടുത്ത് ബൈക്കുകളിലെ ഫുഡ് ഡെലിവറി സേവനങ്ങൾ പകൽ സമയത്ത് പാടില്ലെന്ന് അധികൃതർ. ഫുഡ് ഡെലിവറി കമ്പനികളും ഈ നിർദ്ദേശത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. രാജ്യത്തെ ഫുഡ് ഡെലിവറി കമ്പനികൾക്ക് തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച് സർക്കുലർ നൽകിയതായി തലാബത്ത് ഉൾപ്പെടെയുള്ള കമ്പനികൾ ട്വീറ്റ് ചെയ്തു.
രാവിലെ 10.00 നും വൈകിട്ട് 3.30 നും ഇടയിൽ ബൈക്കുകളിൽ ഡെലിവറി സേവനങ്ങൾ അനുവദിക്കരുതെന്ന് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ബൈക്കുകൾക്ക് പകരം പകൽ സമയങ്ങളിൽ കാറുകൾ ഉപയോഗിക്കാം. ജൂലൈ 1 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ വ്യവസ്ഥ ബാധകം. രാജ്യത്തെ പുറത്തുള്ള തൊഴിലാളികൾക്കായി എല്ലാ വർഷവും ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ നടപ്പാക്കുന്ന മിഡ് ഡേ ബ്രേക്ക് റൂൾ ഡെലിവറി തൊഴിലാളികൾക്കും ബാധകമാണെന്ന് മന്ത്രാലയത്തിന്റെ സർക്കുലറിൽ വ്യക്തമാക്കുന്നു.
മോട്ടോർ സൈക്കിളുകളിൽ ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യം ശക്തമായിരിക്കെയാണ് ബൈക്ക് ഡെലിവറി ജീവനക്കാർക്ക് മിഡ് ഡേ ബ്രേക്ക് റൂൾ ബാധകമാക്കുന്ന സർക്കുലർ വരുന്നത്. രാജ്യത്തെ ഫുഡ് ഡെലിവറി കമ്പനികൾ അധികൃതരുടെ നിർദ്ദേശത്തെ സ്വാഗതം ചെയ്തു. ഇന്നലെ മുതൽ, മിക്ക കമ്പനികളും പകൽ സമയങ്ങളിൽ കാറുകളിൽ മാത്രം ഡെലിവറി സേവനങ്ങൾ നടത്താൻ തുടങ്ങി.