ഗ്രീൻഫീൽഡ് ഒരുങ്ങി; ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ഇന്ന്
തിരുവനന്തപുരം: അനന്തപുരി ഒരുങ്ങി, ആരവം ഉയരാൻ തുടങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കേരളത്തിൽ തിരിച്ചെത്തി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം ബുധനാഴ്ച വൈകിട്ട് ഏഴ് മണി മുതൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. 2019 ഡിസംബറിലാണ് തിരുവനന്തപുരത്ത് അവസാന അന്താരാഷ്ട്ര മത്സരം നടന്നത്. അതിനുശേഷം കൊവിഡ് കാരണം മത്സരങ്ങൾ മുടങ്ങി. മത്സരം പുനരാരംഭിച്ചപ്പോൾ ഗ്രൗണ്ടിൽ കാണികൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ആ കാലം മറന്ന്, സ്വന്തം നാട്ടിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരം കാണാൻ കാണികൾ ഗ്രീൻഫീൽഡിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ.
റണ്ണൊഴുകുന്ന ഫ്‌ളാറ്റ് പിച്ചാണ് കാര്യവട്ടത്തേത്. രാത്രിയിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് നേരിയ മുൻതൂക്കം ലഭിക്കും. അതിനാൽ ടോസ് നിർണായകമാകുമെന്നാണ് കരുതുന്നത്.