Monday, January 20, 2025
LATEST NEWSPOSITIVE STORIES

മരം മുറിച്ചപ്പോൾ ലഭിച്ച കാക്കക്കുഞ്ഞ്; ഇന്ന് ഇവിടുത്തുകാരുടെ കണ്ണിലുണ്ണിയായി ‘കേശു’

കൊല്ലം: ഒരു മരം മുറിച്ചപ്പോൾ വീണുകിട്ടിയ കാക്കകുഞ്ഞ് ഇന്ന് ആ നാടിന്‍റെ കേശുവാണ്. കൊല്ലം അഞ്ചൽ കൈപ്പള്ളി പഴയ സൊസൈറ്റി ജംഗ്ഷനിലാണ് കേശു എന്ന കാക്കയും ചില നല്ല മനുഷ്യരുമുള്ളത്. കഴിഞ്ഞ 10 മാസമായി ഇവിടെ കട നടത്തുന്ന വിനോദിന്‍റെ സംരക്ഷണയിലാണ് കേശു. കൈപ്പള്ളിയിലെ കേശുവിന് ഇപ്പോൾ പാലും ബിസ്കറ്റും വേണ്ട. സെവൻ അപ്പും പെപ്സിയും വളരെ ഇഷ്ടമാണ്. 10 മാസം മുമ്പ് വളരെ ചെറുപ്പത്തിൽ ആണ് ഇവിടുത്തുകാർക്ക് പ്രിയപ്പെട്ട കേശുവിനെ ലഭിച്ചത്.

കടയുടെ എതിർവശത്തുള്ള തെങ്ങ് മുറിച്ചപ്പോൾ അതിനൊപ്പം താഴേക്ക് വീണതാണ് കേശു. കൂട്ടിൽ മൂന്ന് കാക്കക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. ഇതിൽ രണ്ടെണ്ണം താഴെ വീണ് മരിച്ചു. ഒന്നിന് നേരിയ ശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിനോദിന് അതിനെ അവിടെ ഉപേക്ഷിക്കാൻ തോന്നിയില്ല. പരിസരത്ത് ധാരാളം കാക്കകൾ ഉണ്ടായിരുന്നെങ്കിലും വിനോദ് കേശുവിനെ കൊണ്ടുപോയപ്പോൾ അവയൊന്നും ബഹളമുണ്ടാക്കിയില്ല. അന്നുമുതൽ, കേശുവിന്‍റെ ജീവിതം കടയിൽ സൂക്ഷിച്ച ഒരു പെട്ടിക്കുള്ളിലായിരുന്നു. പാലും ബിസ്കറ്റുമാണ് ആദ്യം നൽകിയത്. 10 മാസത്തിന് ശേഷമാണ് കേശു കടയിൽ വളരുന്നതായി പോലും എല്ലാവരും അറിഞ്ഞത്.

ഇപ്പോൾ കേശു അടുത്തുള്ള കടക്കാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയാണ്. രാത്രിയിൽ, വിനോദ് കട അടയ്ക്കുമ്പോൾ, കേശു തന്നെ കടയ്ക്കുള്ളിലെ ബോക്സിനുള്ളിൽ കയറും. പിറ്റേന്ന് രാവിലെ, 6 മണിക്കേ പുറത്തേക്ക് വരൂ. അടുത്തുള്ള പലചരക്ക് കടയാണ് ലക്ഷ്യം. കേശു അങ്ങോട്ട് പറക്കുകയും അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും തുടർന്ന് അടുത്തുള്ള ഒരു ഹോട്ടലിലേക്ക് പോകുകയും ചെയ്യും. അവിടെ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങും. പിന്നെ, മീൻ കാരൻ എത്തുമ്പോൾ മത്സ്യവും, മുട്ടക്കാരൻ എത്തുമ്പോൾ മുട്ടയും കേശുവിന് കിട്ടും. ഇടയ്ക്കിടെ, ഇറച്ചി കടയിൽ നിന്നുള്ള ചിക്കൻ കഷണങ്ങളും കേശുവിന് നൽകും. ഇവിടെ കേശുവിന്‍റെ ജീവിതം തികച്ചും രാജകീയമാണ്.