Saturday, December 21, 2024
LATEST NEWSPOSITIVE STORIES

തെരുവിന്റെ മക്കൾ ഇന്ന് വീടിന്റെ ‘അരുമകൾ’; പതിനാറ് തെരുവു നായ്ക്കളെ ഓമനിച്ച് വളര്‍ത്തി ഒരമ്മ

മുക്കം: മനുഷ്യരും നായ്ക്കളും അടുത്ത സുഹൃത്തുക്കളായി മാറിയിട്ട് 1,500 വർഷമായി എന്നാണ് കണക്ക്. സ്വന്തം മക്കളെക്കാൾ വളർത്തുനായ്ക്കൾക്ക് കൂടുതൽ സ്നേഹം നൽകി പരിചരിക്കുന്ന ആളുകളെ നമുക്കറിയാം. എന്നാൽ മനുഷ്യർ ഭയക്കുന്ന തെരുവുനായ്ക്കളെ വളർത്തുന്ന ഒരു അമ്മ കോഴിക്കോട് മുക്കത്തുണ്ട്. ഒരിക്കൽ ഒരു നായ്ക്കുട്ടിയെ കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു ഈ അമ്മ. ദൈവത്തോട് പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. വർഷങ്ങൾക്കുശേഷം അത് യാഥാർത്ഥ്യമായി. പക്ഷേ ഒന്നല്ല, ഇപ്പോൾ പതിനാറ് ഓമനകളാണ് ഈ അമ്മക്കുള്ളത്. ആറു വർഷമായി ഇവർ ഈ അമ്മയുടെ കൂടെ കൂടിയിട്ട്.

എല്ലാവർക്കും പേരുണ്ട്. കുറുമ്പ് കാണിക്കുമ്പോൾ അവരുടെ പേര് വിളിച്ച് അമ്മ അവരെ ശകാരിക്കും. പക്ഷെ അമ്മ വഴക്കുപറഞ്ഞാലും പിണക്കം മറന്ന് പെട്ടെന്നുതന്നെ ഇവര്‍ ഇണങ്ങും. ചിക്കനും, ബിസ്കറ്റും, ചോറുമൊക്കെയാണ് ഇവർക്ക് നൽകുന്നത്. തെരുവുനായ്ക്കളെ വളർത്തുന്നതിനെതിരെ പലരും പരാതിപ്പെട്ടിട്ടുണ്ടെങ്കിലും അമ്മ അതൊന്നും കാര്യമാക്കുന്നില്ല. മക്കളേ എന്ന് വിളിച്ചാൽ സ്നേഹത്തോടെ അടുത്തേക്ക് ഓടിയെത്തുന്ന ഇവർക്ക് സംരക്ഷണമേകി എന്നുമുണ്ടാകണമെന്നാണ് അമ്മയുടെ ആഗ്രഹം. തെരുവിന്റെ മക്കളെ വീട്ടിലെ മക്കളാക്കിയതിൽ കുടുംബത്തിന്‍റെ പിന്തുണയുമുണ്ട്.