Thursday, November 14, 2024
LATEST NEWS

ചെലവ് ചുരുക്കൽ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍; ലക്ഷ്യം കമ്മി കുറയ്ക്കല്‍

ഡൽഹി: 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് കമ്മി കുറയ്ക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ ചെലവ് വെട്ടിക്കുറയ്ക്കുന്നതിലേക്ക് നീങ്ങുന്നു. ഇതിന്‍റെ ഭാഗമായി മുൻഗണനേതര വിഭാഗത്തിലെ ചെലവ് സർക്കാർ നിയന്ത്രിക്കും. ബജറ്റ് കമ്മി ജിഡിപിയുടെ 6.4 ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം.

2023-24 സാമ്പത്തിക വർഷത്തെ ബജറ്റിന് മുന്നോടിയായി വിവിധ വകുപ്പുകളുമായും ധനമന്ത്രാലയവുമായുള്ള യോഗങ്ങൾ ഇന്ന് ആരംഭിക്കും. നവംബർ 10 വരെയാണ് ചർച്ചകൾ. അതിനുശേഷം ബജറ്റ് ചെലവ് പുതുക്കി നിശ്ചയിക്കും. പ്രത്യക്ഷവും പരോക്ഷവുമായ നികുതികളിൽ നിന്ന് വരുമാനമുണ്ടെങ്കിലും ഭക്ഷ്യ, വളം സബ്സിഡികൾ നൽകാൻ അവ പര്യാപ്തമല്ലെന്നാണ് ധനമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.

കേന്ദ്രത്തിന്‍റെ സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) നീട്ടുന്നതിനെ ധനമന്ത്രാലയം എതിർത്തിരുന്നു. പദ്ധതി 2022 ഡിസംബർ വരെ നീട്ടുന്നതോടെ കേന്ദ്രത്തിന് 44,762 കോടി രൂപയുടെ അധിക ചെലവ് വരും. ബജറ്റിൽ കണക്കാക്കിയ 2.07 ട്രില്യൺ രൂപയുടെ സ്ഥാനത്ത് നടപ്പ് സാമ്പത്തിക വർഷം ഭക്ഷ്യ സബ്സിഡിക്ക് 3.32 ട്രില്യൺ രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. വളം സബ്സിഡിയുടെ ചെലവ് 1.05 ട്രില്യൺ രൂപയിൽ നിന്ന് 2.5 ട്രില്യൺ രൂപയായി ഉയരാൻ സാധ്യതയുണ്ട്.