Saturday, December 21, 2024
LATEST NEWSSPORTS

കുഞ്ഞ് ആരാധിക വിട പറഞ്ഞു; രണ്ടാം ഏകദിനത്തിന് മുമ്പ് സങ്കട വാര്‍ത്ത പങ്കുവച്ച് ഡേവിഡ് മില്ലര്‍

റാഞ്ചി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൻ മുന്നോടിയായി ദുഃഖകരമായ ഒരു വാർത്ത പങ്കുവെച്ച് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഡേവിഡ് മില്ലർ. ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മില്ലർ കാൻസർ ബാധിച്ച് തന്‍റെ കുഞ്ഞ് ആരാധിക മരിച്ച വിവരം പങ്കുവച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് പുറമെ ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

“ഞാന്‍ ഒരുപാട് മിസ് ചെയ്യും. എനിക്ക് അറിയാവുന്നതില്‍ ഏറ്റവും വിശാലമായ ഹൃദയമുള്ളവളാണ് നീ. നീ നന്നായിട്ട് പോരാടി. നിന്റെ മുഖത്തെ പുഞ്ചിരി എപ്പോഴും പോസിറ്റീവിറ്റി നിറയ്ക്കുന്നതായിരുന്നു. ചെറിയ യാത്രയില്‍ ഓരോ വെല്ലുവിളിയും വിദഗ്ധമായി നീ മറികടന്നു. ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദകരമാക്കാന്‍ നീയെന്നെ പഠിപ്പിച്ചു. നിന്നോടൊപ്പം ചെറിയ ദൂരം താണ്ടാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു” മില്ലർ എഴുതി.

മില്ലർ ആരാധികയോടൊപ്പമുള്ള ചിത്രം പങ്കുവച്ചപ്പോൾ, അത് അദ്ദേഹത്തിന്റെ മകളാണെന്ന് പല ആരാധകരും സംശയിച്ചു. എന്നിരുന്നാലും, കാൻസർ ബാധിച്ച് മരിച്ച ഒരു ആരാധികയെക്കുറിച്ചാണെന്ന് മില്ലറിനോട് അടുത്ത വൃത്തങ്ങൾ വിശദീകരിച്ചു.