Tuesday, January 21, 2025
LATEST NEWSSPORTS

3-2-1 മ്യൂസിയം ഫുട്ബോൾ ആരാധകരെ വരവേൽക്കാൻ ഒരുങ്ങുന്നു

ദോഹ: ഖത്തറിന്റെ 3-2-1 ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം ലോകകപ്പ് ആരാധകരെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. ഇതുവരെ ഒരു ലക്ഷം പേരാണ് മ്യൂസിയം സന്ദർശിച്ചത്. ഈ വർഷം അവസാനത്തോടെ മ്യൂസിയം 5 ലക്ഷത്തോളം സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം മാർച്ചിൽ തുറന്ന മ്യൂസിയം ഇതിനകം 100,000 ആളുകൾ സന്ദർശിച്ചതായി മ്യൂസിയം ഡയറക്ടർ അബ്ദുല്ല യൂസഫ് അൽ മുല്ല പറഞ്ഞു.

ലോകകപ്പിന്റെ വേദികളിലൊന്നായ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തോട് ചേർന്നാണ് ഒളിമ്പിക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പ് ടൂർണമെന്റിന് ടിക്കറ്റ് ബുക്ക് ചെയ്ത ഹയ കാർഡ് ഉടമകൾക്ക് മാത്രമേ മ്യൂസിയത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളൂവെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. മത്സരങ്ങൾ ഇല്ലാത്ത ദിവസം മാത്രമാണ് പ്രവേശനം അനുവദിക്കുക.

ഖത്തർ മ്യൂസിയത്തിന്റെ പുതുക്കിയ ടിക്കറ്റിംഗ് നയം അനുസരിച്ച് 3-2-1 ഒളിമ്പിക് മ്യൂസിയം ഒരാൾക്ക് 100 റിയാൽ ഫീസ് ഈടാക്കും. 16 വയസിന് താഴെയുള്ള കുട്ടികൾക്കും ഖത്തർ ക്രിയേഷൻസിന്റെ വൺപാസ് ഉടമകൾക്കും മാത്രമാണ് സൗജന്യ പ്രവേശനം.