യുഎഇയിൽ താപനില 50°C കടന്നു ; ഈ വർഷം ഇത് രണ്ടാം തവണ
യുഎഇ: ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില യു.എ.ഇയിൽ രേഖപ്പെടുത്തി. ഓഗസ്റ്റ് 9 ചൊവ്വാഴ്ച അൽ ഐനിലെ സ്വീഹാനിൽ 51 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ഈ വർഷം ഇത് രണ്ടാം തവണയാണ് താപനില 50 ഡിഗ്രി സെൽഷ്യസ് കടക്കുന്നത്. ജൂൺ 23 വ്യാഴാഴ്ചയാണ് 50 ഡിഗ്രി
സെൽഷ്യസ് അവസാനമായി രേഖപ്പെടുത്തിയത്. അൽ ദഫ്ര മേഖലയിലെ ഔതൈദിൽ 50.5 ഡിഗ്രി സെൽഷ്യസാണ് അന്ന് രേഖപ്പെടുത്തിയ കൂടിയ താപനില.
അതേസമയം, അൽ ഐനിലെ അൽ ഫോഹിലാണ് ഇന്നലത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 26.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. ജൂലൈയിൽ യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതിനാൽ രാജ്യത്തെ കാലാവസ്ഥ അടുത്തിടെ പ്രക്ഷുബ്ധമായിരുന്നു. ഓഗസ്റ്റ് 14 മുതൽ 17 വരെ യു.എ.ഇ.യുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴ ലഭിക്കുമെന്ന് നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.