ടെലഗ്രാം പ്രീമിയം നിലവിൽ വന്നു; 4 ജിബി അപ്ലോഡ് മുതൽ വേഗതയുള്ള ഡൗൺലോഡുകൾ വരെ ലഭിക്കും
പ്രമുഖ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ ടെലിഗ്രാമിന്റെ പ്രീമിയം പതിപ്പ് അവതരിപ്പിച്ചു. 4 ജിബി വരെ അപ്ലോഡ്, സ്പെഷ്യൽ സ്റ്റിക്കറുകൾ, വേഗതയേറിയ ഡൗൺലോഡുകൾ, വോയ്സ്-ടു-ടെക്സ്റ്റ് സൗകര്യം തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് പ്രീമിയം പതിപ്പ് വരുന്നത്. ടെലിഗ്രാമിന്റെ നിലവിലുള്ള സൗകര്യങ്ങൾ സൗജന്യമായി തുടരും.
ഇന്ത്യയിൽ, ടെലിഗ്രാം പ്രീമിയത്തിന്റെ വാടക പ്രതിമാസം 469 രൂപയാണ്. ഇത് ഐഫോൺ ടെലിഗ്രാമിന്റെ തുകയാണ്. ആൻഡ്രോയിഡ് പ്രീമിയത്തിന്റെ തുക കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ സൗജന്യമായി അപ്ലോഡ് ചെയ്യാൻ കഴിയുന്ന പരമാവധി ഫയൽ വലുപ്പം 2 ജിബിയാണ് . എന്നാൽ, പ്രീമിയത്തിൽ ഇത് ഇരട്ടിയാണ്. ടെലിഗ്രാം പ്രീമിയം അക്കൗണ്ട് അപ്ലോഡ് ചെയ്യുന്ന 2 ജിബിക്ക് മുകളിലുള്ള ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ സൗജന്യ അക്കൗണ്ടുകൾക്കും കഴിയും. പ്രീമിയം അക്കൗണ്ടുകളുടെ ഡൗൺലോഡ് വേഗത വർദ്ധിക്കും. ഒരു പ്രീമിയം ഉപയോക്താവിന് പരമാവധി 1000 ചാനലുകൾ പിന്തുടരാനും 200 ചാറ്റുകളുള്ള പരമാവധി 20 ചാറ്റ് ഫോൾഡറുകൾ സൃഷ്ടിക്കാനും കഴിയും. പ്രധാന ലിസ്റ്റിലേക്ക് നിങ്ങൾക്ക് 10 ചാറ്റുകൾ പിൻ ചെയ്യാൻ കഴിയും. പ്രീമിയം അക്കൗണ്ടുകൾക്ക് കൂടുതൽ സ്റ്റിക്കറുകളും ലഭിക്കും. 10 പുതിയ ഇമോജികൾ എന്നിവയുൾപ്പെടെ ദൈർഘ്യമേറിയ ബയോ, മീഡിയ ക്യാപ്ഷനുകൾ തുടങ്ങിയ സവിശേഷതകളും അവർക്ക് ലഭിക്കും. പ്രീമിയം ഉപയോക്താക്കൾക്ക് വോയ്സ് സന്ദേശങ്ങൾ ടെക്സ്റ്റിലേക്ക് പരിവർത്തനം ചെയ്യാനും കഴിയും.