75 വയസ്സ് കഴിഞ്ഞവർക്ക് 2 രൂപയ്ക്ക് ചായ; വേങ്ങര പഞ്ചായത്തിന്റെ ഓണസമ്മാനം
മലപ്പുറം: കഴിഞ്ഞ ദിവസം വേങ്ങര പഞ്ചായത്ത് മധുരം കൂട്ടിയൊരു തീരുമാനമെടുത്തു. 70 വയസിന് മുകളിലുള്ളവർക്ക് പഞ്ചായത്ത് കാന്‍റീനിൽ 5 രൂപയ്ക്ക് ചായ നൽകാമെന്ന്. 75 വയസ്സിന് മുകളിൽ പ്രായമുണ്ടെങ്കിൽ, 2 രൂപ നൽകിയാൽ മതി. കടുത്ത അവഗണന മാത്രം ശീലിച്ച വയോജനങ്ങൾക്ക് ഓണത്തിന് മുമ്പേ കിട്ടിയ ഓണസമ്മാനമായി ഈ തീരുമാനം. ചൊവ്വാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡന്‍റ് കെ പി ഹസീന ഫസൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
നേരത്തെ തന്നെ ഈ കാന്‍റീനിൽ 70 വയസിന് മുകളിലുള്ളവർക്ക് 7 രൂപയ്ക്കാണ് ചായ നൽകിയിരുന്നത്. ഇപ്പോൾ അത് വീണ്ടും കുറച്ച് അഞ്ച് രൂപയാക്കി. പഞ്ചായത്ത് ക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.സലീം ആണ് ചായ വില കുറയ്ക്കുക എന്ന ആശയത്തിന് പിന്നിൽ. നഷ്ടം നികത്താൻ തന്‍റെ ഓണറേറിയത്തിൽ നിന്ന് തുക നൽകാനാണ് സലീം തീരുമാനിച്ചിരിക്കുന്നത്.
വയോ സൗഹൃദ കുടുംബശ്രീ കിയോസ്ക് എന്നാണ് ഈ കാന്റീൻ ഇപ്പോൾ അറിയപ്പെടുന്നത്. വയോജനസൗഹൃദ പഞ്ചായത്തായി മാറുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് വേങ്ങര പഞ്ചായത്ത് നടപ്പാക്കുന്നത്. 200 ലധികം അംഗങ്ങളുള്ള വേങ്ങര സായംപ്രഭാ ഹോം സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കേന്ദ്രമാണ്. പ്രതിദിനം കുറഞ്ഞത് 20 പേരെങ്കിലും സായംപ്രഭാ ഹോമിൽ എത്താറുണ്ട്. വട്ടപ്പാട്ട് ടീം, കോളാമ്പിപ്പാട്ട് ടീം, കോൽക്കളി ടീം എന്നിവയെല്ലാം സായംപ്രഭാ ഹോമിലെ മുതിർന്ന പൗരന്മാർ ചേർന്ന് രൂപീകരിച്ചിട്ടുണ്ട്.