Tag

2022 Shell Eco Marathon

Browsing

തിരുവനന്തപുരം : തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവൺമെന്‍റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ഇലക്ട്രിക് കാർ അന്താരാഷ്ട്ര ഊർജ്ജ കാര്യക്ഷമത മത്സരമായ ഷെൽ ഇക്കോ മാരത്തണിന്‍റെ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ പ്രമുഖ ഓട്ടോമോട്ടീവ് സോഫ്റ്റ് വെയർ കമ്പനിയായ ആക്സിയ ടെക്നോളജീസിന്‍റെ മേൽനോട്ടത്തിലും മാർഗനിർദേശത്തോടെയുമാണ് വിദ്യാർത്ഥികൾ ഇലക്ട്രിക് കാർ വികസിപ്പിച്ചെടുത്തത്. കേരള സർക്കാരിന്റെ അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്‍റെ (അസാപ്) പിന്തുണയും ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. 

2022 ഒക്ടോബർ 11 മുതൽ 16 വരെ ഇന്തോനേഷ്യയിലെ പെർട്ടാമിന മണ്ഡലിക സർക്യൂട്ടിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയിൽ നിന്ന് യോഗ്യത നേടിയ അഞ്ച് ടീമുകളിൽ ഒന്നാണ് ബാർട്ടൺ ഹിൽ കോളേജിലെ വിദ്യാർത്ഥികൾ. മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ 19 വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘പ്രവേഗ’യാണ് ‘വണ്ടി’ എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് കാർ നിർമ്മിച്ചത്. പ്രവേഗ ടീമിന്‍റെ ഫാക്കൽറ്റി അഡ്വൈസർ ഡോ.അനീഷ് കെ.ജോണിന്‍റെ നേതൃത്വത്തിലായിരുന്നു പദ്ധതി.