Sunday, December 22, 2024
HEALTHLATEST NEWS

ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തിൽ പ്രതികരിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് വൃക്കരോഗി മരിച്ച സംഭവത്തിൽ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രതിസ്ഥാനത്താണെന്നും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സർക്കാരിന് കഴിയില്ലെന്നും സുധാകരൻ പറഞ്ഞു.

ഒരു മനുഷ്യ ജീവൻ രക്ഷിക്കുന്നതിലെ അശ്രദ്ധ ക്ഷമിക്കാൻ കഴിയില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവേശന കവാടത്തിലേക്ക് കൊണ്ടുവന്ന വ്യക്ക ഏറ്റുവാങ്ങാന്‍ വൈകിയെന്നത് ഗുരുതരമായ ആരോപണമാണെന്ന് സുധാകരൻ പറഞ്ഞു.

ഏകോപനത്തിന്റെ പിഴവ് മൂലമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. ആ അബദ്ധത്തിലൂടെയാണ് ഒരു മനുഷ്യജീവൻ നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അകാലത്തിൽ ജീവൻ നഷ്ടപ്പെട്ട സുരേഷ് കുമാറിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാവണമെന്നും സുധാകരൻ പറഞ്ഞു.