വിരാട് കോഹ്ലിയെ അമിതമായി ആഘോഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഗംഭീര്‍
മൊഹാലി: മുന്‍ നായകന്‍ വിരാട് കോഹ്ലിയെ അമിതമായി ആഘോഷിക്കുന്നത് നിർത്തണമെന്ന് മുൻ ഇന്ത്യന്‍ താരം ഗൗതം ഗംഭീർ. താരാരാധന അവസാനിപ്പിക്കണമെന്നും രാജ്യവും ക്രിക്കറ്റും ആകണം പ്രധാനമെന്നും ഗംഭീർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ വിരാട് കോഹ്ലിക്കെതിരെ നിരവധി പരാമർശങ്ങൾ നടത്തിയതിന് പിന്നാലെയാണ് ഗൗതം ഗംഭീർ വീണ്ടും വിമർശനവുമായി രംഗത്തെത്തിയത്. കപിൽ ദേവിനെയും മഹേന്ദ്ര സിംഗ് ധോണിയെയും ആഘോഷിച്ചത് പോലെയാണ് കോഹ്ലിയെ ആഘോഷിക്കുന്നതെന്ന് ഗംഭീർ പറഞ്ഞു.
‘അഫ്ഗാനിസ്ഥാനെതിരെ സെഞ്ച്വറി നേടിയപ്പോൾ വിരാട് കോഹ്ലി മാത്രമാണ് ചിത്രത്തിലുണ്ടായിരുന്നത്. ഒരേ മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറിനെ എല്ലാവരും അവഗണിച്ചു. കമന്‍ററി സമയത്ത് ഞാൻ മാത്രമാണ് ഇക്കാര്യം പരാമർശിച്ചത്. താരാരാധനയിൽ നിന്ന് രാജ്യം പുറത്തുവരണം. രണ്ടു കാര്യങ്ങളാണ് ഇതെല്ലാം ഉണ്ടാക്കിയത്. ആദ്യത്തേത് സോഷ്യൽ മീഡിയ ഫോളോവേഴ്സാണ്. ഇന്ത്യയിലെ ഏറ്റവും വ്യാജമായ കാര്യമായിരിക്കും ഇത്. എത്ര ഫോളോവർമാരുണ്ട് എന്നതിനെ ആശ്രയിച്ചാണ് ആളുകളെ വിലയിരുത്തുന്നത്. രണ്ടാമത്തെ കാര്യം മാധ്യമങ്ങളും പ്രക്ഷേപകരുമാണ്.
നിങ്ങൾ ഒരേ വ്യക്തിയെക്കുറിച്ച് രാവും പകലും സംസാരിക്കുകയാണെങ്കിൽ, അത് സ്വാഭാവികമായും ഒരു ബ്രാൻഡായി മാറും. 1983-ലെ ലോകകപ്പ് നേടിയ കപിൽ ദേവിൽ നിന്നാണ് ഇതെല്ലാം ആരംഭിച്ചത്. പിന്നീട് അത് എം എസ് ധോണിയിലേക്ക് മാറി. ഇത് മറ്റ് കളിക്കാരും ബി.സി.സി.ഐയും സൃഷ്ടിച്ചതല്ല. മാധ്യമങ്ങൾക്കാണ് ഇതിന്‍റെ കൂടുതൽ ഉത്തരവാദിത്തം’ ഗംഭീർ പറഞ്ഞു.