Friday, January 23, 2026
LATEST NEWSTECHNOLOGY

സ്റ്റീഫൻ ഹോക്കിംഗിന്റെ ബ്ലാക്ക്ഹോൾ സിദ്ധാന്തത്തിന് അര നൂറ്റാണ്ടിനു ശേഷം സ്ഥിരീകരണം

മാസച്ചുസെറ്റ്സ്: സ്റ്റീഫൻ ഹോക്കിംഗിന്റെ ബ്ലാക്ക്ഹോൾ സിദ്ധാന്തത്തിന് അര നൂറ്റാണ്ടിനു ശേഷം സ്ഥിരീകരണം. ഹോക്കിംഗിന്റെ ഈ സിദ്ധാന്തം 50 വർഷങ്ങൾക്കു ശേഷം മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഭൗതിക ശാസ്ത്രജ്ഞനായ മാക്സിമിലിയാനോ ഇസിയുടെ നേതൃത്വത്തിൽ ഒരു സംഘം ഭൗതിക ശാസ്ത്രജ്ഞർ ഗുരുത്വതരംഗങ്ങളെ പഠന വിധേയമാക്കി സ്ഥിരീകരിച്ചിരിക്കയാണ്. അവരുടെ പഠനം സംബന്ധിച്ച റിപ്പോർട്ട് ഫിസിക്കൽ റിവ്യൂ ലെറ്റേഴ്സിൽ 2021 ജൂലൈ 1ന് പ്രസിദ്ധീകരിക്കുകയുണ്ടായി.

ഈ സിദ്ധാന്ത പ്രകാരമുള്ള ഒരു പ്രവചനം തമോഗർത്തങ്ങളുടെ സംഭവ ചക്രവാളത്തിന്റെ വിസ്തീർണം ഒരിക്കലും കുറയില്ല എന്നതാണ്. മാത്രമല്ല രണ്ടു തമോഗർത്തങ്ങൾ പരസ്പരം ലയിച്ചു ചേർന്ന് രൂപം കൊള്ളുന്ന മറ്റൊരു തമോഗർത്തത്തിന്റെ സംഭവചക്രവാളവിസ്തീർണം രണ്ടു തമോഗർത്തങ്ങളുടെയും സംഭവചക്രവാളങ്ങളുടെ മൊത്ത വിസ്ത്രീർണത്തിൽ കുറയില്ല എന്നുമാണ്. ഇതിനെ ഹോക്കിംഗിന്റെ ഏരിയ സിദ്ധാന്തമെന്നാണ് വിശേഷിപ്പിക്കുന്നത്.