Tuesday, December 17, 2024
LATEST NEWSSPORTS

പരിക്ക് മൂലം സ്റ്റാര്‍ക്ക്, സ്റ്റോയിനിസ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ഇന്ത്യക്കെതിരെ കളിക്കില്ല

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍റൗണ്ടര്‍മാരായ മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ക്ക് ഈ മാസം നടക്കാനിരിക്കുന്ന ട്വന്റി 20 പരമ്പര നഷ്ടമാകും. പരിക്കിനെ തുടർന്നാണ് മൂന്ന് പേരെയും പരമ്പരയിൽ നിന്ന് ഒഴിവാക്കിയത്. അടുത്ത മാസം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിൽ മൂവരുടെയും പേരുകളുണ്ട് .

കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് സ്റ്റാർക്ക് സുഖം പ്രാപിച്ചു വരികയാണ്. മിച്ചൽ മാർഷിന് കണങ്കാലിനാണ് പരിക്കേറ്റത്. സ്റ്റോയിനിസിന് അടിവയറ്റിലെ പേശികൾക്ക് പരിക്കേറ്റു. അടുത്തിടെ സമാപിച്ച സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിൽ മൂന്ന് താരങ്ങളും കളിച്ചിരുന്നു.

ഇവർക്ക് പകരക്കാരായി ഫാസ്റ്റ് ബൗളര്‍ നഥാന്‍ എല്ലിസ്, ഓള്‍റൗണ്ടര്‍മാരായ ഡാനിയല്‍ സാംസ്, സീന്‍ ആബട്ട് എന്നിവരെ ഇന്ത്യക്കെതിരായ പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റോയ്‌നിസിന്റെ അഭാവത്തിൽ ടിം ഡേവിഡിന് കൂടുതൽ അവസരങ്ങൾ ലഭിക്കും.