സൂപ്പർക്ലബിൽ നിന്ന് പിരിഞ്ഞ് സ്റ്റാർ പരിശീലകൻ ജോർജ് സാംപോളി
ഫ്രാൻസിലെ സൂപ്പർ ക്ലബ് മാഴ്സെയോട് വിടപറഞ്ഞ് സ്റ്റാർ കോച്ച് ജോർജ് സാംപോളി. ട്രാൻസ്ഫർ നീക്കങ്ങളോടുള്ള അതൃപ്തിയെ തുടർന്നാണ് സാംപോളി ക്ലബ് വിടുന്നതെന്ന് സൂചനയുണ്ട്. പ്രശസ്ത മാധ്യമ പ്രവർത്തകൻ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
അർജൻറീന പരിശീലകനായ സാംപോളി കഴിഞ്ഞ വർഷമാണ് മാഴ്സെയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ സാംപോളിക്ക് കീഴിൽ മാഴ്സെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ലീഗിൽ പി.എസ്.ജിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയ ക്ലബ് യുവേഫ ചാമ്പ്യൻസ് ലീഗിലേക്കും യോഗ്യത നേടി. എന്നാൽ ക്ലബ് ചാമ്പ്യൻസ് ലീഗിനായി തയ്യാറെടുക്കുമ്പോൾ, സാംപോളി അപ്രതീക്ഷിതമായാണ് പിരിഞ്ഞുപോകുന്നത്ത്. സാംപോളിയുമായി വേർപിരിഞ്ഞ കാര്യം ക്ലബും ഔദ്യോഗിമായി അറിയിച്ചു.
ട്രാൻസ്ഫർ മാർക്കറ്റിൽ ക്ലബ് വേണ്ടത്ര ഇടപെടാത്തതാണ് സാംപോളിയെ പ്രകോപിപ്പിച്ചതെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചാമ്പ്യൻസ് ലീഗ് കളിക്കാൻ തയ്യാറെടുക്കുന്ന ടീം നടത്തേണ്ടിയിരുന്ന ഇടപെടലുകൾ മാഴ്സെയിൽ നിന്നില്ല എന്നാണ് സാംപോളിയുടെ വാദം. ആഴ്സണലിൽ നിന്ന് ലോണിൽ കളിച്ച വില്യം സാലിബയെ സ്ഥിരമായി സ്വന്തമാക്കാൻ കഴിയാത്തതും സാംപോളിയുടെ അതൃപ്തിക്ക് കാരണമായി.