ഗാംഗുലി ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി: ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഗാംഗുലി ഐസിസി ചെയർമാനായാൽ സെക്രട്ടറി ജയ് ഷാ ബിസിസിഐ പ്രസിഡന്‍റാകും. ട്രഷറർ അരുൺ ധുമാൽ സെക്രട്ടറിയായും ചുമതലയേൽക്കും. നിലവിലെ ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലി ഈ വർഷം നവംബറിൽ സ്ഥാനമൊഴിയും. അതിനാൽ പകരക്കാരനെ കണ്ടെത്താൻ ഐസിസി തിരഞ്ഞെടുപ്പ് നടത്തും. ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ഗാംഗുലിയുടെ തീരുമാനം.
ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്കും ജനറൽ സെക്രട്ടറി ജയ് ഷായ്ക്കും അവരുടെ സ്ഥാനങ്ങളിൽ തുടരാമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. സുപ്രീം കോടതി തന്നെ രൂപീകരിച്ച ലോധ കമ്മിറ്റിയുടെ ശുപാർശകൾക്ക് വിരുദ്ധമാണിത്. അതിനാൽ തന്നെ ജയ് ഷായ്ക്കും സൗരവ് ഗാംഗുലിക്കും മൂന്ന് വർഷം കൂടി ഈ പദവിയിൽ തുടരാം.
ഇന്ത്യൻ ക്രിക്കറ്റ് വിജയകരമായി മുന്നോട്ട് പോകുന്നത് ജുഡീഷ്യറിയുടെ ഇടപെടൽ കൊണ്ടല്ല, മറിച്ച് ഭരണനിർവഹണത്തിന്‍റെ ഫലമാണെന്ന് കോടതി നിരീക്ഷിച്ചു. ബിസിസിഐയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു.