Thursday, November 21, 2024
LATEST NEWSTECHNOLOGY

ബെംഗളൂരിലേക്ക് സിങ്കപ്പൂര്‍ മോഡല്‍ സ്‌കൈ ബസ് ; ഗതാഗത കുരുക്ക് തടയാന്‍ ആശയവുമായി നിതിന്‍ ഗഡ്കരി

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ ‘സ്കൈ ബസ്’ എന്ന ആശയവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഗതാഗത വികസനവുമായി ബന്ധപ്പെട്ട ദേശീയ ശിൽപശാലയിലാണ് കേന്ദ്രമന്ത്രി ഈ ആശയം അവതരിപ്പിച്ചത്. പദ്ധതിയെക്കുറിച്ച് പ്രാഥമിക പഠനം നടത്താൻ ഏജൻസിയെ നിയോഗിക്കാമെന്നും കേന്ദ്രത്തിന്‍റെ സാമ്പത്തിക സഹായം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ സിംഗപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്കൈ ബസുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. പുതിയ റോഡുകളുടെ നിർമ്മാണവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ ഭൂമി ഏറ്റെടുത്താൽ മതിയാകുമെന്നതാണ് സ്കൈ ബസ് പദ്ധതിയുടെ പ്രധാന നേട്ടം. കുറഞ്ഞത് ഒരു ലക്ഷം പേരെങ്കിലും സ്കൈ ബസിൽ യാത്ര ചെയ്താൽ റോഡിലെ ഗതാഗതക്കുരുക്ക് ഇല്ലാതാകുമെന്നാണ് കണക്കുകൂട്ടൽ.

ഗതാഗതക്കുരുക്ക് അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ പദ്ധതികൾ കൊണ്ടുവരേണ്ടത് നഗരത്തെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. മെട്രോ സർവീസ് നടത്തിയിട്ടും റോഡിലെ തിരക്ക് കുറഞ്ഞിട്ടില്ല. പുതിയ വഴികൾ കണ്ടെത്തിയില്ലെങ്കിൽ, നഗരത്തില്‍ നിന്ന് ഐ.ടി. കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ മറ്റ് നഗരങ്ങളിലേക്ക് മാറ്റുമെന്നതുള്‍പ്പെടെയുള്ള സാഹചര്യവുമുണ്ട്.