Tuesday, January 7, 2025
HEALTHLATEST NEWS

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകൾ ലഭ്യമല്ലെന്ന് റിപ്പോർട്ട്. പനി, ഉദര സംബന്ധമായ, ജീവിത ശൈലി രോഗങ്ങള്‍, അര്‍ബുദം എന്നിവയ്ക്കുള്ള മരുന്നുകൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ കോളേജുകളിലും ഉൾപ്പെടെ മരുന്നുകൾക്ക് ക്ഷാമമുണ്ട്.

പനി ബാധിച്ചവർക്ക് നൽകുന്ന പാരസെറ്റമോൾ, ജീവിതശൈലീ രോഗങ്ങൾക്കും പ്രമേഹത്തിനും ഇൻസുലിൻ തുടങ്ങിയ മരുന്നുകൾ പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇല്ല. ബന്ധുക്കൾ അത്യാഹിത വിഭാഗങ്ങളിലേക്കുള്ള അഡ്രിനാലിന് പോലുള്ള മരുന്നുകളും പുറത്തുനിന്ന് വാങ്ങണം. സംസ്ഥാന മെഡിക്കൽ സർവീസ് കോർപ്പറേഷനാണ് സർക്കാർ ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കുമുള്ള മരുന്നുകൾ വാങ്ങുന്നത്.

ഇതിൽ 700 ലധികം മരുന്നുകൾ ഉൾപ്പെടുന്നു. സാമ്പത്തിക വര്‍ഷം അവസാനിച്ചാലും അഞ്ച് മാസം കൂടി വിതരണം ചെയ്യാനുള്ള മരുന്ന് കണക്കാക്കി വാങ്ങിക്കാറാണ് പതിവ്. എന്നാൽ ഇത്തവണ കൊവിഡ് സാഹചര്യം അവസാനിച്ചതോടെ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ഇതോടെ സ്റ്റോക്ക് മതിയാകാത്ത അവസ്ഥയാണ്.