ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം നിരോധിക്കാന്‍ ഷാർജ
ദുബായ്, അബുദാബി എമിറേറ്റുകൾക്ക് പിന്നാലെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കാൻ ഷാർജയും. 2024 ജനുവരി ഒന്നോടെ ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പൂർണമായും നിരോധിക്കുകയാണ് ലക്ഷ്യം.
ഇതിന്‍റെ ഭാഗമായി ഒക്ടോബർ 1 മുതൽ ഔട്ട്ലെറ്റുകൾ ഉപഭോക്താക്കൾക്ക് പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കാൻ തുടങ്ങും. 2024 ജനുവരി 1 മുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെയും വസ്തുക്കളുടെയും വ്യാപാരം, ഉൽപാദനം, ഇറക്കുമതി എന്നിവ എമിറേറ്റിൽ അനുവദിക്കില്ല. പകരം, പരിസ്ഥിതി സൗഹൃദ ബാഗുകളും പുനരുപയോഗിക്കാവുന്ന ബാഗുകളും ഉപഭോക്താക്കൾക്ക് നൽകും.
പ്ലാസ്റ്റിക് മലിനീകരണത്തിന്‍റെ അപകടങ്ങളിൽ നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പൂർണ്ണമായും നിരോധിക്കുന്നത് വരെ കറയ്ക്കുകയെന്നുളളതാണ് പദ്ധതി. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം നൽകുന്ന റീസൈക്കിൾ ചെയ്ത ബാഗുകൾ മുനിസിപ്പൽ അഫയേഴ്സ് വകുപ്പ് അംഗീകരിച്ച സുസ്ഥിരതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കും.