പരിക്കേറ്റെങ്കിലും പാക് ടീമിനൊപ്പം ദുബായിലെത്തി ഷഹീൻ അഫ്രീദി
ദുബായ്: പേസർ ഷഹീൻ അഫ്രീദി പരിക്കിനെ അവഗണിച്ച് ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിനൊപ്പം ദുബായിലെത്തി. പരിക്കേറ്റതിനാൽ താരം ഏഷ്യാ കപ്പിൽ കളിക്കുന്നില്ല. എങ്കിലും ഇന്ത്യയ്ക്കെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായി ദുബായിലെത്തിയ പാകിസ്ഥാൻ ടീമിൽ ഷഹീനും ഉൾപ്പെട്ടിട്ടുണ്ട്. ക്യാപ്റ്റൻ ബാബർ അസമിന്‍റെ നിർദേശ പ്രകാരമാണ് ഷഹീൻ ടീമിനൊപ്പം യാത്ര ചെയ്യുന്നത്. ഏഷ്യാ കപ്പിന് നാളെ തുടക്കമാകും. 28 നാണ് ഇന്ത്യ-പാക് മത്സരം.
കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് ഷഹീൻ പുറത്തായത്. താരത്തിന് 6 ആഴ്ച വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. ഒക്ടോബറിൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലൂടെ അദ്ദേഹം തിരിച്ചുവരുമെന്നാണ് സൂചന. ടി20 ലോകകപ്പിലും അദ്ദേഹം കളിക്കാൻ സാധ്യതയുണ്ട്.
അതേസമയം, ഏഷ്യാ കപ്പിലെ അവസാന ടീമായി ഹോങ്കോങ് യോഗ്യത നേടി. അവസാന യോഗ്യതാ മത്സരത്തിൽ യു.എ.ഇയെ തോൽപ്പിച്ചാണ് ഹോങ്കോംഗ് ഏഷ്യാ കപ്പിന് യോഗ്യത നേടിയത്. മത്സരത്തിൽ ഹോങ്കോങ് ഒരു ഓവറും 8 വിക്കറ്റും ബാക്കിനിർത്തി 148 റൺസ് എന്ന വിജയലക്ഷ്യം മറികടന്നു. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഹോങ്കോങ്ങ് ഉൾപ്പെട്ടിരിക്കുന്നത്. ഈ മാസം 31ന് ഇന്ത്യക്കെതിരെയാണ് ഹോങ്കോങ്ങിന്‍റെ ആദ്യ മത്സരം.