അക്ഷയയുടെ ജീവിതം തിരിച്ചുപിടിക്കാൻ സഹായവാഗ്ദാനവുമായി സ്കൂൾ പി.ടി.എ
തൊടുപുഴയിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അക്ഷയ ഷാജിയുടെ ജീവിതം തിരിച്ചുപിടിക്കാൻ സഹായം വാഗ്ദാനം ചെയ്ത് ചെറുവട്ടൂർ സ്കൂൾ പി.ടി.എ. റിമാൻഡിൽ കഴിയുന്ന അക്ഷയയ്ക്ക് തുടർചികിത്സയ്ക്കും ഉപരിപഠനത്തിനും ആവശ്യമായ സഹായം നൽകാനാണ് അക്ഷയ പ്ലസ് ടു പഠിച്ചിറങ്ങിയ ചെറുവട്ടൂർ ഗവൺമെന്‍റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎയുടെ തീരുമാനം.
മയക്കുമരുന്ന് ലോബിയുടെ കെണിയിൽ പെൺകുട്ടികൾ വീഴുന്ന സാഹചര്യം കണക്കിലെടുത്താണ് സ്കൂൾ പിടിഎ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഇനിയൊരിക്കലും മറ്റൊരു പെൺകുട്ടിയും ഇത്തരമൊരു കെണിയിൽ വീഴരുതെന്ന സന്ദേശവുമായാണ് പിടിഐ രംഗത്തെത്തിയിരിക്കുന്നത്. 2018 ൽ നല്ല മാർക്കോടെ പ്ലസ് ടു പാസായ അക്ഷയ പിന്നീട് കോതമംഗലം എം.എ കോളേജിൽ നിന്ന് 80 ശതമാനം മാർക്കോടെ സോഷ്യോളജി ബിരുദം നേടി തുടർപഠനത്തിനായി എറണാകുളത്തെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു.
മൂന്ന് മാസത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട തൊടുപുഴ സ്വദേശിയുമായി പ്രണയത്തിലായി. പിന്നീട് പഠനം മുടങ്ങി. തൊടുപുഴയിൽ രണ്ട് ടെക്സ്റ്റൈൽസിൽ ആറുമാസം അക്ഷയ ജോലി ചെയ്തു. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് അക്ഷയയും യൂനുസും പിടിയിലായത്. യൂനുസിന്‍റെ സഹോദരൻ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിരുന്നു.