Saturday, December 21, 2024
GULFLATEST NEWS

മക്കയിൽ നടക്കുന്നത് എക്കാലത്തെയും വലിയ വിപുലീകരണ പ്രവർത്തനങ്ങളെന്ന് സൗദി ഹജ്ജ് മന്ത്രാലയം

ജിദ്ദ: മക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണ പ്രവർത്തനങ്ങളാണ് മസ്ജിദുൽ ഹറമിൽ ഇപ്പോൾ നടക്കുന്നതെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റാബിഅ പറഞ്ഞു. പള്ളിയുടെയും പരിസരത്തിന്‍റെയും വിപുലീകരണത്തിനുള്ള ചെലവ് ഇതിനകം 20,000 കോടി റിയാൽ കവിഞ്ഞതായി അദ്ദേഹം അറിയിച്ചു.

കെയ്റോയിലെ സൗദി എംബസിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഹജ്ജോ ഉംറയോ നിർവഹിക്കാൻ ലോകത്തിന്‍റെ ഏത് ഭാഗത്തുനിന്നും സൗദി അറേബ്യയിലേക്ക് വരുന്ന വനിതാ തീർത്ഥാടകരെ അനുഗമിക്കാൻ മഹ്റം (രക്തബന്ധുക്കൾ) ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് നൽകുന്ന ഉംറ വിസകളുടെ എണ്ണത്തിന് ക്വാട്ടയോ പരിധിയോ നിശ്ചയിച്ചിട്ടില്ല.

നിലവിൽ, ഏത് തരത്തിലുള്ള വിസയുമായി രാജ്യത്തേക്ക് വരുന്ന ഏതൊരു മുസ്ലീമിനും ഉംറ നിർവഹിക്കാൻ കഴിയും. ഹജ്ജിന്‍റെയും ഉംറയുടെയും ചെലവ് കുറയ്ക്കാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന്, പ്രശ്നം നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ടതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.