Tuesday, January 21, 2025
GULFLATEST NEWS

ഈന്തപ്പഴം കയറ്റുമതിയിൽ സൗദി ഒന്നാം സ്ഥാനത്ത്

ജിദ്ദ: ഈന്തപ്പഴം കയറ്റുമതി ചെയ്യുന്ന ലോകത്തിലെ ഒന്നാം നമ്പർ രാജ്യമായി സൗദി അറേബ്യ. വേൾഡ് ട്രേഡ് സെന്‍ററിന്‍റെ (ട്രേഡ്മാബ്) വെബ്സൈറ്റ് വഴി 113 രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയെ തിരഞ്ഞെടുത്തു. 2021ലെ ഈന്തപ്പഴം കയറ്റുമതിയിലാണ് ലോകത്ത് സൗദിക്ക് ഒന്നാംസ്ഥാനം ലഭിച്ചിരിക്കുന്നത്. 300 ലധികം ഇനം ഈന്തപ്പഴം സൗദി അറേബ്യ ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. വാർഷിക ഉൽപാദനം പ്രതിവർഷം 15.4 ലക്ഷം ടണ്ണിലധികം വരും.

ഈന്തപ്പഴത്തിന്‍റെ കയറ്റുമതി മൂല്യം 1215 കോടി റിയാലിലെത്തി. കയറ്റുമതി വർദ്ധിപ്പിക്കുന്ന പ്രധാന മേഖലകളിൽ ഒന്നായി ഈന്തപ്പന വിപണിയെ മാറ്റുകയാണ് വിഷൻ 2030 ന്‍റെ ലക്ഷ്യങ്ങളിലൊന്ന്. വിവിധ പ്രദേശങ്ങളിൽ ജൂൺ മുതൽ നവംബർ വരെയാണ് ഈന്തപ്പന സീസൺ ആരംഭിക്കുന്നത്. മികച്ച ഈന്തപ്പഴത്തിന്‍റെ ഉത്പാദനമാണ് സൗദി അറേബ്യയുടെ പ്രത്യേകത. സൗദി അറേബ്യയെ ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കൃഷി മന്ത്രാലയം.

മികച്ച കാർഷിക സമ്പ്രദായങ്ങൾ പിന്തുടർന്ന് തോട്ടങ്ങളിലെ ഉൽപാദന ഗുണനിലവാരം മെച്ചപ്പെടുത്തിക്കൊണ്ട് സൗദി ഈന്തപ്പഴ ബ്രാൻഡ് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സൗദി അറേബ്യയിൽ 3.3 ലക്ഷത്തിലധികം ഈന്തപ്പനകളുണ്ട്.