Friday, January 17, 2025
GULFLATEST NEWS

സൗദിക്ക് പുതിയ അന്താരാഷ്ട്ര വിമാനകമ്പനി;സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കുക ലക്ഷ്യം

സൗദി: സൗദി അറേബ്യയുടെ പുതിയ അന്താരാഷ്ട്ര വിമാനക്കമ്പനിക്ക് റിയ എന്ന് പേര് നൽകും. പൊതുനിക്ഷേപ ഫണ്ട് ഉപയോഗിച്ച് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമായാണ് എയർലൈൻ പ്രവർത്തിക്കുക. നിലവിലെ സൗദി അറേബ്യയിലെ ഏക ദേശീയ വിമാനക്കമ്പനിയായ സൗദിയയുടെ ആസ്ഥാനം ജിദ്ദയാണ്.

എണ്ണയെ മാത്രം ആശ്രയിക്കുന്നതിനുപകരം സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗദി അറേബ്യ മറ്റൊരു വിമാനക്കമ്പനി കൂടി ആരംഭിച്ചത്. രാജ്യത്ത് ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള ഭരണകൂടത്തിന്‍റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് റിയയുടെ വരവ്. വിഷൻ 2030 ന്‍റെ ഭാഗമായി വ്യോമയാന മേഖലയിൽ 10,000 കോടി റിയാൽ നിക്ഷേപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

2030 ഓടെ 30 ദശലക്ഷം അന്താരാഷ്ട്ര ട്രാൻസിറ്റ് യാത്രക്കാരുണ്ടാകുമെന്നാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്. നിലവിൽ ഇത് 40 ലക്ഷത്തിൽ താഴെയാണ്. നിലവിൽ സൗദി അറേബ്യയിലെ ഏക ദേശീയ വിമാനക്കമ്പനിയായ സൗദിയ 90 സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഇതിൽ 27 ലക്ഷ്യസ്ഥാനങ്ങളും രാജ്യത്തിനകത്താണ്. ആഗോളതലത്തിൽ 150 ലധികം റൂട്ടുകളിൽ കമ്പനി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 85 രാജ്യങ്ങളിലായി 158 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എമിറേറ്റ്സ് സർവീസ് നടത്തുന്നുണ്ട്.