Sunday, December 22, 2024
GULFLATEST NEWS

മുഹമ്മദ് ബിന്‍ സല്‍മാൻ രാജകുമാരനെ സൗദിയുടെ പ്രധാനമന്ത്രിയായി നിയമിച്ചു

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കം. രാജ്യത്തിന്‍റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു മുഹമ്മദ് സൽമാൻ.

ഖാലിദ് ബിൻ സൽമാനാണ് പുതിയ പ്രതിരോധ മന്ത്രി. യൂസഫ് ബിന്ദാ അബ്ദുല്ല അൽ ബെൻയാനെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. തലാൽ അൽ ഉതൈബിയെ പ്രതിരോധ ഉപമന്ത്രിയായും നിയമിച്ചു. മറ്റ് മന്ത്രിമാർക്ക് മാറ്റമില്ല. സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിലായിരിക്കും ഇനി മന്ത്രിസഭാ യോഗം നടക്കുകയെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

2017ലാണ് മുഹമ്മദ് ബിൻ സൽമാനെ സൗദി കിരീടാവകാശിയായി പ്രഖ്യാപിച്ചത്. സൗദി അറേബ്യയില്‍ സല്‍മാന്‍ രാജാവിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കെ നേരത്തെ രാജാവിന്റെ ഔദ്യോഗിക ചുമതലകള്‍ മുഹമ്മദ് ബിന്‍ സല്‍മാനെ ഏല്‍പ്പിച്ചിരുന്നു.