Tuesday, December 17, 2024
LATEST NEWSSPORTS

സന്ദേശ് ജിങ്കൻ ഇനി ബെംഗളൂരു എഫ്സിയിൽ

ബെംഗളൂരു: കരാർ പുതുക്കാൻ എടികെ മോഹൻ ബഗാൻ വിസമ്മതിച്ചതിനെ തുടർന്ന് പുതിയ തട്ടകം തേടിയ സന്ദേശ് ജിങ്കൻ ഇനി ബെംഗളൂരു എഫ്സിയുടെ പ്രതിരോധം കാക്കും. സന്ദേശ് ജിങ്കനെ ടീമിൽ ഉൾപ്പെടുത്തിയതായി ബെംഗളൂരു എഫ്സി ട്വിറ്ററിലൂടെ അറിയിച്ചു. എടികെ മോഹൻ ബഗാൻ വിട്ട ജിങ്കൻ ഈസ്റ്റ് ബംഗാളിലേക്കോ ബെംഗളൂരു എഫ്സിയിലേക്കോ പോകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ്, അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയതായി ബെംഗളൂരു സ്ഥിരീകരിച്ചത്.

കേരള ബ്ലാസ്റ്റേഴ്സ് താരമായിരിക്കെ 2016–17 സീസണിൽ ലോൺ അടിസ്ഥാനത്തിൽ ബെംഗളൂരു എഫ്‍സിക്കായി കളിച്ചിട്ടുള്ള ജിങ്കൻ, അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അതേ ടീമിലേക്കു തിരിച്ചെത്തുന്നത്.

“ഞാൻ മുമ്പ് ലോണിൽ ഇവിടെ കളിച്ചിരുന്ന സമയത്തെ രസകരമായ ഒരുപാട് ഓർമ്മകൾ എനിക്കുണ്ട്. ആ സമയത്ത് ടീമിലുണ്ടായിരുന്ന പലരും ഇപ്പോഴും ബെംഗളൂരു നിരയിലുണ്ട്. ആ സമയത്ത്, ടീമിന് മികച്ച പ്രകടനം നടത്താനും മികച്ച റിസൾട്ട്‌ സൃഷ്ടിക്കാനും കഴിഞ്ഞു”. ജിങ്കൻ പറഞ്ഞു.