മദ്യവിൽപ്പന ശാലകളിൽ വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം
കേരളം : ബിവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലകളിൽ വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം തുടരുന്നു. ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള കേരള സർക്കാരിന്റെ ജവാൻ റമ്മും ലഭിക്കുന്നില്ല. ഓരോ ഔട്ട്ലെറ്റിലും 350 മുതൽ 400 വരെ ജവാൻ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ പരമാവധി 100 എണ്ണം മാത്രമാണ് ലഭ്യമാകുന്നത്.
വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറവായതിനാൽ പലരും വ്യാജമദ്യത്തിനു പിന്നാലെ പോകുന്ന സാഹചര്യവുമുണ്ട്. ഇത് വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്ന് എക്സൈസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാജമദ്യക്കേസിൽ നേരത്തെ പിടിയിലായവരെ എക്സൈസ് വകുപ്പ് നിരീക്ഷിച്ചു വരികയാണ്. സ്പിരിറ്റിന്റെ വില വർദ്ധിച്ചതോടെ മദ്യവിതരണം പ്രതിസന്ധിയിലായിരുന്നു.
നേരത്തെ 53 രൂപയായിരുന്ന ഒരു ലിറ്റർ സ്പിരിറ്റിന്റെ വില ഇപ്പോൾ 75 രൂപയായി ഉയർന്നു. ബിവറേജസ് കോർപ്പറേഷനാണ് ബെവ്കോയിലേക്കും ബാറുകളിലേക്കും മദ്യം വിതരണം ചെയ്യുന്നതെങ്കിലും ബാറുകൾക്ക് ഓൺലൈനായി മദ്യം വാങ്ങാൻ അവസരമുണ്ട്.