Monday, January 6, 2025
LATEST NEWSSPORTS

അർഷ്ദീപ് പറയുന്നത് കേൾക്കാതെ തിരിഞ്ഞുനടന്ന് രോഹിത്; വിമർശനങ്ങൾ

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്ക ഇന്ത്യയെ ആറ് വിക്കറ്റിനായിരുന്നു തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ഒരു പന്ത് ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ മത്സരം ജയിച്ചു.

അർഷ്ദീപ് സിംഗ് എറിഞ്ഞ അവസാന ഓവറിൽ ശ്രീലങ്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 7 റൺസാണ്. അർഷ്ദീപ് ബൗണ്ടറികൾ വഴങ്ങാതെ പന്തെറിഞ്ഞെങ്കിലും അഞ്ചാം പന്തിൽ രണ്ട് റൺസ് നേടി ശ്രീലങ്ക വിജയത്തിലെത്തി. 1 18 പന്തുകൾ‌ക്കിടെ നാലു വിക്കറ്റുകൾ വീഴ്ത്തി ആര്‍. അശ്വിനും യുസ്‍വേന്ദ്ര ചെഹലും ശ്രീലങ്കയെ പ്രതിരോധത്തിലാക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല.

എന്നാൽ അവസാന ഓവറിൽ അർഷ്ദീപ് സിംഗ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്‍റെ പ്രതികരണമാണ് ആരാധകർക്കിടയിൽ ചർച്ചയായത്. അർഷ്ദീപ് രോഹിത് ശർമയെ എന്തോ പറഞ്ഞ് സമീപിക്കുകയും രോഹിത് തിരിഞ്ഞുനടക്കുകയും ചെയ്തു. മത്സരത്തിൽ നിരവധി തവണ അസ്വസ്ഥനായ രോഹിത്, അതിന്‍റെ തുടർച്ചയെന്ന നിലയിൽ നിർണായക ഓവറിൽ അത്തരമൊരു സമീപനം പ്രകടിപ്പിച്ചതിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.