Thursday, November 21, 2024
LATEST NEWSSPORTS

ടി20യില്‍ പുതിയ റെക്കോര്‍ഡിട്ട് രാഹുല്‍-രോഹിത് ശര്‍മ്മ ബാറ്റിംഗ് ഷോ

ഗുവാഹത്തി: ടി20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടി ഓപ്പണര്‍മാരായ കെ എല്‍ രാഹുലിനും രോഹിത് ശര്‍മ്മയ്ക്കും റെക്കോര്‍ഡ്. ഗുവാഹത്തിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ടി20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ സഖ്യമെന്ന റെക്കോർഡാണ് ഇരുവരും തങ്ങളുടെ പേരിലാക്കിയത്. ദീർഘകാലം ഇന്ത്യയുടെ സ്ഥിരം ഓപ്പണർമാരായിരുന്ന രോഹിത് ശർമയും ശിഖർ ധവാനും ചേർന്ന് 1743 റൺസാണ് ഓപ്പണിങ് കൂട്ടുകെട്ടിൽ കൂട്ടിച്ചേർത്തത്. ഈ നേട്ടമാണ് പഴങ്കഥയായത്.

മത്സരത്തില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കിയ ഇരുവരും 9.5 ഓവറില്‍ 96 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 37 പന്തില്‍ 43 റണ്‍സെടുത്ത ഹിറ്റ്‌മാനെ കേശവ് മഹാരാജ്, ട്രിസ്റ്റന്‍ സ്റ്റബ്‌സിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. ഏഴ് ഫോറും ഒരു ബൗണ്ടറിയുമാണ് രോഹിത് അടിച്ചത്. കെഎൽ രാഹുൽ എൽബിഡബ്ല്യുവിൽ പുറത്തായി. മഹാരാജിനാണ് ആ വിക്കറ്റും ലഭിച്ചത്. 28 പന്തിൽ അഞ്ചു ബൗണ്ടറികളുടെയും നാലു സിക്സറുകളുടെയും അകമ്പടിയോടെയാണ് രാഹുൽ 57 റൺസെടുത്തത്. 

തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രോട്ടീസിനെതിരായ ആദ്യ ടി20യിൽ രോഹിത്ത് രാഹുൽ കൂട്ടുകെട്ടിന് ഓപ്പണിംഗ് വിക്കറ്റിൽ 2.2 ഓവറിൽ 9 റൺസ് മാത്രമേ നേടാനായുള്ളൂ. രണ്ട് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കുംമുമ്പ് രോഹിത്തിനെ കാഗിസോ റബാഡ പുറത്താക്കുകയായിരുന്നു. എന്നാൽ രാഹുൽ 56 പന്തിൽ നിന്ന് 51 റൺസെടുത്തു. രാഹുലിനൊപ്പം 33 പന്തില്‍ പുറത്താകാതെ 50 റണ്‍സ് സൂര്യകുമാര്‍ യാദവും നേടിയപ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റിന് മത്സരം വിജയിച്ചിരുന്നു. ഒരോവറില്‍ മൂന്ന് വിക്കറ്റ് നേടിയ പേസര്‍ അര്‍ഷ്‌ദീപ് സിംഗായിരുന്നു കളിയിലെ താരം.