Saturday, December 21, 2024
HEALTHLATEST NEWSTECHNOLOGY

അ​പ​സ്മാ​രം എളുപ്പത്തിൽ കണ്ടെത്താൻ അല്‍ഗോ​രി​തം വി​ക​സിപ്പി​ച്ച് ഗ​വേ​ഷ​ക​ര്‍

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐ.ഐ.എസ്.സി) ഗവേഷകർ അപസ്മാരം എളുപ്പത്തിലും കൃത്യതയോടെയും കണ്ടുപിടിക്കാനും അത് ഏത് വിഭാഗത്തിൽ പെടുന്നുവെന്ന് തിരിച്ചറിയാനും കഴിയുന്ന ഒരു അൽഗോരിതം വികസിപ്പിച്ചെടുത്തു. തലച്ചോറിന്‍റെ ക്രമരഹിതമായ സിഗ്നലുകളുടെ ഉത്ഭവ സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് അപസ്മാരത്തെ തരംതിരിക്കുന്നത്.

കാര്യക്ഷമവും വേഗത്തിലുള്ളതുമായ രോഗനിർണയവും വർഗ്ഗീകരണവും നടത്താൻ ന്യൂറോളജിസ്റ്റുകളെ സഹായിക്കുന്ന ഒരു രീതിയാണിത്. ഐ.ഐ.എസ്.സി.യിലെ ഇലക്ട്രോണിക് സിസ്റ്റംസ് എഞ്ചിനീയറിംഗ് വകുപ്പ് (ഡി.ഇ.എസ്.ഇ.) പ്രൊഫസർ ഹാർദിക് ജെ. പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് അൽഗോരിതം വികസിപ്പിച്ചെടുത്തത്. ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) സഹകരണവുമുണ്ടായിരുന്നു.

അൽഗോരിതത്തിനുള്ള പേറ്റന്‍റിനായി അപേക്ഷിച്ചിട്ടുണ്ടെന്നും എയിംസ് ഋഷികേശിലെ വിദഗ്ധർ വിശ്വാസ്യതയ്ക്കായി ഇത് പരിശോധിക്കുകയാണെന്നും ക്ലിനിക്കൽ പരിശോധന നടത്തേണ്ടതുണ്ടെന്നും ഡി.ഇ.എസ്.ഇ അസി. പ്രൊഫസർ ഹാർദിക് ജെ.പാണ്ഡ്യ പറഞ്ഞു. അപസ്മാര രോഗിയെ തിരിച്ചറിയാൻ നിലവിൽ സ്വീകരിക്കുന്ന രീതിക്ക് ധാരാളം സമയം ആവശ്യമാണെന്നും പിശകുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.