ഗൂഗിളുമായി സഹകരിച്ച് വില കുറഞ്ഞ 5ജി സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി റിലയൻസ്
ഗൂഗിളുമായി സഹകരിച്ച്, ഇന്ത്യയില്‍ വില കുറഞ്ഞ 5ജി സ്മാര്‍ട്‌ഫോണുകള്‍ നിര്‍മ്മിക്കുമെന്ന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. ഇന്ന് നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി നെറ്റ്‍വർക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കഴിഞ്ഞ വര്‍ഷം ജിയോഫോണ്‍ നെക്സ്റ്റ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ റിലയന്‍സ് ഗൂഗിളുമായി സഹകരിച്ചിരുന്നു. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രഗതി ഒഎസ് പതിപ്പാണ് സ്മാര്‍ട്‌ഫോണിന് കരുത്ത് പകരുന്നത്. ഇന്ത്യന്‍ വിപണിക്ക് വേണ്ടിയാണ് സ്മാര്‍ട്‌ഫോണ്‍ രൂപകല്‍പ്പന ചെയ്തിരുന്നത്. 2021 ജൂലൈയില്‍, ഗൂഗിളും ജിയോ പ്ലാറ്റ്ഫോമും സംയുക്തമായ ഒരു എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണ്‍ വികസിപ്പിക്കുന്നതിനുള്ള വാണിജ്യ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ജിയോ പ്ലാറ്റ്ഫോമില്‍ 4.5 ബില്യണ്‍ ഡോളറാണ് ഗൂഗിള്‍ നിക്ഷേപം നടത്തിയത്. കമ്പനിയുടെ 7.73 ശതമാനം ഓഹരികളും ഗൂഗിള്‍ സ്വന്തമാക്കിയിരുന്നു.