മങ്കി പോക്സ് പ്രതിരോധ വാക്സിനുകൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
മനാമ: ബഹ്റൈനിൽ മങ്കിപോക്സ് പ്രതിരോധ വാക്സിന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ പറഞ്ഞു.
പരിമിതമായ അളവിലുള്ള വാക്സിനാണു ഇപ്പോൾ ലഭിച്ചിട്ടുള്ളത്.ആരോഗ്യ പ്രവർത്തകർ, രോഗബാധിതരാകാൻ കൂടുതൽ സാധ്യതയുള്ളവർ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പുകൾക്കാണ് ആദ്യം നൽകുക. തുടർന്ന് രജിസ്റ്റർ ചെയ്യുന്ന പൗരൻമാർക്കും പ്രവാസികൾക്കും നൽകും. വാക്സിൻ സൗജന്യമായാണ് വിതരണം ചെയ്യുന്നത് എന്ന് അധികൃതർ അറിയിച്ചു.
രോഗത്തെ നേരിടാൻ മുൻകരുതൽ നടപടികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രോഗം ബാധിച്ചവർക്കായി 21 ദിവസത്തെ ഐസൊലേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പകർച്ചവ്യാധികളുടെ പട്ടികയിൽ ഈ രോഗം ഉൾപ്പെടുത്തിയിട്ടുണ്ട്.